ഇന്ത്യ- യു.എസ് വ്യാപാര പിരിമുറുക്കം മാറ്റണമെന്ന് ഭരണകൂടത്തോട് സെനറ്റര്‍

Update: 2019-08-20 08:26 GMT

ഇന്ത്യയും അമേരിക്കമായുമായുള്ള വ്യാപാര രംഗത്ത് പിരിമുറുക്കം ഏറിവരുന്ന ദുരവസ്ഥയ്‌ക്കെതിരെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ഡിയാന്‍ ഫെയ്ന്‍സ്‌റ്റൈന്‍ പരസ്യമായി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് യു.എസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസറിന് അയച്ച കത്തിലൂടെ ട്രംപ് ഭരണകൂടത്തോട് അവര്‍ ആവശ്യപ്പെട്ടു.

'സമീപകാലത്തെ തര്‍ക്കങ്ങളുടെ ഫലമായുണ്ടായ വ്യാപാര ഉപരോധം ഇരു രാജ്യങ്ങളെയും വേദനിപ്പിക്കുന്നു, അവ എത്രയും വേഗം പരിഹരിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ വളരെക്കാലമായി അമേരിക്കയുടെ ഒരു സുഹൃത്തും തന്ത്രപ്രധാന പങ്കാളിയുമാണ്. ഇന്ത്യയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,' ഓഗസ്റ്റ് 16 ലെ കത്തില്‍ പറയുന്നു.  അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്ലയെ സന്ദര്‍ശിച്ച് നിലവിലെ യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തെക്കുറിച്ച് താന്‍ ചര്‍ച്ച ചെയ്ത കാര്യവും കത്തിലുണ്ട്.

2000 മുതല്‍ ഇന്ത്യയുമായുള്ള വ്യാപാരം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് നിരീക്ഷിച്ച ഫെയ്ന്‍സ്റ്റെയ്ന്‍, 2018 ല്‍ കാലിഫോര്‍ണിയയില്‍ നിന്ന് 6 ബില്യണ്‍ ഡോളറിലധികം വിലവരുന്ന സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായി ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍-യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നുള്ള കാര്‍ഷിക, ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ പ്രധാന ഉപഭോക്താവാണ് ഇന്ത്യ. കാലിഫോര്‍ണിയയിലെ ബദാം, വാല്‍നട്ട് ഉല്‍പാദകര്‍ ഇന്ത്യയില്‍ നിന്നുള്ള സമീപകാലത്തെ പ്രതികാര താരിഫുയര്‍ത്തല്‍ നടപടികളുടെ ഇരകളായെന്ന് അവര്‍  പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ടെലിഫോണിക് സംഭാഷണത്തിനു ശേഷമാണ് വ്യാപാര പിരിമുറുക്കം ഏറിയത്.

Similar News