പ്രകൃതിസ്‌നേഹിയാണോ നിങ്ങള്‍? എങ്കില്‍ യു.എ.ഇ തരും 10 വര്‍ഷത്തെ സ്ഥിരതാമസ വീസ!
പുത്തന്‍ വീസ പദ്ധതിയുമായി യു.എ.ഇ
യു.എ.ഇയിലേക്കൊരു വീസ എന്നത് ഇപ്പോഴും എപ്പോഴും ഏവര്‍ക്കും പ്രിയപ്പെട്ട കാര്യമാണ്. യു.എ.ഇ അടുത്തിടെ അവതരിപ്പിച്ച ഗോള്‍ഡന്‍ വീസ പദ്ധതിയും ഏറെ ശ്രദ്ധനേടിയിരുന്നു.
പ്രവര്‍ത്തനമണ്ഡലത്തില്‍ മികവ് പുലര്‍ത്തുന്നവര്‍, യു.എ.ഇയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കുവഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്. ഇപ്പോഴിതാ, 10 വര്‍ഷം കാലാവധിയുള്ള ബ്ലൂ റെസിഡന്‍സി വീസയും പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ.
ആര്‍ക്ക് നേടാം 'നീല' വീസ?
ബ്ലൂ റെസിഡന്‍സി വീസ അങ്ങനെ എല്ലാവര്‍ക്കും കിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിന് - അത് കടലായാലും കരയായാലും - ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവച്ചവരാണ് അര്‍ഹര്‍.
2024 സുസ്ഥിരതയുടെ വര്‍ഷമാണെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച വ്യക്തികള്‍ക്ക് 10-വര്‍ഷ ബ്ലൂ റെസിഡന്‍സി വീസ എന്ന സ്ഥിരതാമസ വീസ അനുവദിക്കുമെന്നും എക്‌സിലൂടെ (ട്വിറ്റര്‍) യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദാണ് പ്രഖ്യാപിച്ചത്.
ബ്ലൂ റെസിഡന്‍സി വീസ ലഭിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവ വഴി അപേക്ഷിക്കാം. ഈ വീസയ്ക്ക് യോഗ്യതയുള്ളവരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നാമനിര്‍ദേശം ചെയ്യുകയും ചെയ്യും.