14.5 ലക്ഷം പേരെ നാടുകടത്താന്‍ യു.എസ്! ട്രംപിന്റെ പട്ടികയില്‍ 17,940 ഇന്ത്യക്കാരും, കൂടുതലും ഈ സംസ്ഥാനക്കാര്‍
നിയമാനുസൃതമല്ലാത്ത വഴികളിലൂടെ യു.എസിലെത്തുന്ന രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യക്ക് 13-ാം സ്ഥാനം
അടുത്ത മാസം യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാനിരിക്കെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പട്ടിക തയ്യാറാക്കി യു.എസ് ഇമിഗ്രേഷന്‍. 17,940 ഇന്ത്യക്കാരുള്‍പ്പെടെ 14,45,000 പേരെയാണ് യു.എസില്‍ നിന്നും നാടുകടത്താനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതിയായ രേഖകളില്ലാതെ യു.എസിലെത്തിയ ഇവരെ അടുത്ത് തന്നെ നാടുകടത്തുമെന്നാണ് വിവരം. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യക്കാരില്‍ പലരും. മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരുലക്ഷത്തോളം ഇന്ത്യക്കാരെ പിടികൂടിയെന്നാണ് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ) കണക്ക്.
നിയമാനുസൃതമല്ലാത്ത വഴികളിലൂടെ യു.എസിലെത്തുന്ന രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യക്ക് 13-ാം സ്ഥാനമാണുള്ളത്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ഹോണ്ടുറാസിനാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും പോലുള്ള ചുരുക്കം ചിലത് മാത്രമാണ് ആദ്യസ്ഥാനങ്ങളിലുള്ളത്. കൂടാതെ പൗരത്വം ഉള്‍പ്പെടെയുള്ള രേഖകള്‍ സ്ഥിരീകരിക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്ത് ഇന്ത്യയെ സഹകരിക്കാത്തവരുടെ (Uncooperative ) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നാടുകടത്തുന്നവരെ സ്വീകരിക്കാന്‍ അതത് രാജ്യങ്ങള്‍ തയ്യാറാകണമെന്നും അമേരിക്കന്‍ അധികൃതര്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കടുപ്പിക്കാന്‍ ട്രംപ്
മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചവരെ നാടുകടത്തുന്നത് അടക്കമുള്ള കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കാരുള്‍പ്പെടെ പതിനായിരങ്ങളെ അതിവേഗം രാജ്യത്ത് നിന്നും പുറത്താക്കാനുള്ള നീക്കങ്ങളും സജീവമാണ്. ആവശ്യമെങ്കില്‍ യു.എസ് സൈനികരുടെ സേവനം ഇതിനായി ഉപയോഗിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 1878ലെ ദ പോസ് കൊമിറ്റാറ്റസ് ആക്ട് (The Posse Comitatus Act) പ്രകാരം ആഭ്യന്തര ആവശ്യങ്ങള്‍ക്ക് സൈന്യത്തെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ കുടിയേറ്റത്തെ മറ്റൊരു രാജ്യത്ത് നിന്നുള്ള അധിനിവേശം (Invasion) ആയി പരിഗണിക്കുമെന്നാണ് ട്രംപ് പറയുന്നത്. നിയമപ്രകാരമുള്ള ഏത് അളവ് വരെയും താന്‍ പോകുമെന്നും ട്രംപ് ആവര്‍ത്തിക്കുന്നു.
കുടിയേറ്റക്കാര്‍ രാജ്യത്തിന് ഭീഷണിയാണെന്ന ട്രംപിന്റെ തീവ്രനിലപാട് പലരും കരുതലോടെയാണ് നിരീക്ഷിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് തിരിച്ചെത്തണമെന്ന് യു.എസിലെ പല യൂണിവേഴ്‌സിറ്റികളും വിദേശ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.