തൊഴിലില്ലായ്മയില്‍ സാരമായ വളര്‍ച്ച; ഗ്രാമീണമേഖലയിലെ നിരക്ക് ഇരട്ടി

Update: 2019-11-29 06:12 GMT

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 2013-14ലെ 2.9 ശതമാനത്തില്‍ നിന്ന് 2017-18ല്‍ 5.3 ശതമാനമായതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമ്മതിച്ചു. ഇതേ കാലയളവില്‍ നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ 50 ശതമാനത്തിലധികം വര്‍ധിച്ചതായാണ് കണക്ക്.

രണ്ട് വര്‍ഷം കൊണ്ട് നഗരങ്ങളിലെ പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ 3 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ന്നെന്നും കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കര്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് തൊഴില്‍ വകുപ്പ് സഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 7.7 ശതമാനമായാണ് വര്‍ദ്ധിച്ചത്.

സാമ്പത്തിക മാന്ദ്യത്തെത്തുടന്ന് വ്യാവസായിക വളര്‍ച്ച ഇടിഞ്ഞതും തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. 2017-18 കാലയളവില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) നടത്തിയ വാര്‍ഷിക പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് മന്ത്രി വെളിപ്പെടുത്തിയത്. 15 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരെയാണ് ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 2013-14 ലെ 2.9 ശതമാനത്തില്‍ നിന്ന് 2015-16 ല്‍ 3.4 ശതമാനമായും 2017-18 ല്‍ 5.3 ശതമാനമായും ഉയര്‍ന്നതായി ഡാറ്റ വെളിപ്പെടുത്തി. നഗരപ്രദേശങ്ങളില്‍, തൊഴിലില്ലായ്മാ നിരക്ക് 2013-14 ലെ 4.9 ശതമാനത്തില്‍ നിന്ന് 2015-16 ല്‍ 4.4 ശതമാനമായി കുറഞ്ഞ ശേഷം 2017-18 ല്‍  7.7 ശതമാനമായി കുത്തനെ ഉയര്‍ന്നു. 2017-18 കാലയളവില്‍ 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തം 75.8 ശതമാനവും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 23.3 ശതമാനവുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News