സ്‌കൂളുകളില്‍ സ്മാര്‍ട്ട്ഫോണ്‍ നിരോധിക്കണമെന്ന് യുനെസ്‌കോ
വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും സ്വകാര്യതയ്ക്കും എന്നിവയ്ക്ക് ദോഷം വരുത്താതിരിക്കാനും നിയമങ്ങള്‍ കൊണ്ടുവരണമെന്ന് യുനെസ്‌കോ
പഠനം മെച്ചപ്പെടുത്താനും സൈബര്‍ ഭീഷണിയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനും ആഗോളതലത്തില്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട്ഫോണ്‍ നിരോധിക്കണമെന്ന നിര്‍ദേശവുമായി യു.എന്‍ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോ (UNESCO). അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുട്ടികളെ പിന്നിലാക്കുകയും അവരിലെ വൈകാരിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുന്നുവെന്ന് യുനെസ്‌കോയുടെ 2023 ലെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്റര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നിയമം മൂലം നിയന്ത്രിക്കണം
സാങ്കേതികവിദ്യയുടെ പ്രയോജനകരമായ ഉപയോഗം ഉറപ്പാക്കാനും വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും സ്വകാര്യതയ്ക്കും എന്നിവയ്ക്ക് ദോഷം വരുത്താതിരിക്കാനും നിയമങ്ങള്‍ കൊണ്ടുവരണമെന്ന് യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സ്മാര്‍ട്ട്ഫോണുകളോ ടാബ്ലെറ്റുകളോ ലാപ്ടോപ്പുകളോ ആകട്ടെ, ക്ലാസ് മുറിയിലും വീട്ടിലും സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം വിദ്യാര്‍ത്ഥിയുടെ ശ്രദ്ധ തിരിക്കുന്നതിനും പഠനത്തെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകും. ഡിജിറ്റല്‍ ലേണിംഗ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ഉത്കണ്ഠയ്ക്ക് കാരണമാകുന്നവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
തിരിച്ചറിഞ്ഞ് പല രാജ്യങ്ങളും
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് പ്രഥമ സ്ഥാനം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചില രാജ്യങ്ങള്‍ ഇപ്പോള്‍ മനസിലാക്കി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ചൈനയിലെ സ്‌കൂളുകളില്‍ ഇതിനകം സ്മാര്‍ട്ട്ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുനെസ്‌കോ പറയുന്നു. ചൈനയില്‍ അധ്യാപന സമയത്ത് അവയുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കുന്നു.
2024 മുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നെതര്‍ലന്‍ഡ്സ് പദ്ധതിയിടുന്നുണ്ട്. ലോകമെമ്പാടുമുള്ള 200 വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി യുനെസ്‌കോ കണക്കാക്കിയിരിക്കുന്നത് ആറിലൊന്ന് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ നിരോധിച്ചിട്ടുണ്ടെന്നാണ്.