മന്‍മോഹന്‍സിംഗിന്റെ ഓര്‍മപ്പെടുത്തല്‍, രഘുറാം രാജന്റെ വിമര്‍ശനം; നിര്‍മലയുടെ 'ചെറുകിട' കരുതലിന്റെ പിന്നിലെ കാരണം

ചെറുകിട സംരംഭങ്ങളും വ്യവസായങ്ങളുമാണ് ഇന്ത്യയുടെ ശക്തിയെന്നും മന്‍മോഹന്‍ സിംഗ് ഇടയ്ക്കിടെ നിര്‍മലയെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു

Update:2024-07-24 23:18 IST
പതിവില്‍ നിന്ന് വിട്ടു അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാനാണ് ബജറ്റിലൂടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രദ്ധിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുതല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ വരെ പലകുറി വിമര്‍ശനമുന്നയിച്ച ഒരു വിഷയത്തിനും നിര്‍മല വലിയ പരിഗണന നല്‍കിയിട്ടുണ്ട്.
രഘുറാം രാജന്റെ ഓര്‍മപ്പെടുത്തല്‍
ഇടത്തരം ചെറുകിട സംരംഭങ്ങളുടെ കാര്യമാണത്. ഇന്ത്യ സെമികണ്ടക്ടര്‍ പദ്ധതികള്‍ക്കായി കോടികള്‍ മുടക്കുമ്പോള്‍ തുകല്‍ വ്യവസായം പോലെ അനേകായിരങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന ഗ്രാമീണ സംരംഭങ്ങളെ അവഗണിക്കുകയാണെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കുന്ന സംരംഭങ്ങളെക്കാള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഇത്തരം മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു രാജന്റെ നിര്‍ദേശം.
സമ്പദ്‌വ്യവസ്ഥ കുതിക്കുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്ന കാര്യം മോദിസര്‍ക്കാര്‍ ആദ്യമായി മനസിലാക്കിയെന്ന് തോന്നിക്കുന്ന വിധമാണ് ഇത്തവണത്തെ ബജറ്റ്. മുദ്ര ലോണ്‍ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത് ഗ്രാമീണ സംരംഭകര്‍ക്ക് ഗുണം ചെയ്യും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിപണി മല്‍സരത്തിലേക്ക് ഇറങ്ങി ചെല്ലാനും ഇതുവഴി സാധിക്കും.
മന്‍മോഹന്‍ സിംഗിന്റെ മന്ത്രം
ലോകമെങ്ങും പിടികൂടിയ 2008 കാലഘട്ടത്തിലെ ആഗോള മാന്ദ്യത്തില്‍ പതറാതെ ഇന്ത്യ പിടിച്ചു നിന്നത് മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളാണ്. പ്രാദേശിക വിപണിയും ചെറുകിട സംരംഭങ്ങളും ശക്തമായി നിലനിന്നതോടെ മാന്ദ്യത്തിന്റെ വ്യാപ്തി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവായിരുന്നു. ചെറുകിട സംരംഭങ്ങളും വ്യവസായങ്ങളുമാണ് ഇന്ത്യയുടെ ശക്തിയെന്നും മന്‍മോഹന്‍ സിംഗ് ഇടയ്ക്കിടെ നിര്‍മലയെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.
കോര്‍പറേറ്റുകളെ മാത്രം സന്തോഷിപ്പിച്ച് മുന്നോട്ടു പോയ അവസ്ഥയില്‍ നിന്ന് ഗ്രാമീണ ഇന്ത്യയിലേക്ക് നോക്കാന്‍ ബജറ്റിലൂടെ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ്. ഗ്രാമീണ ഇന്ത്യയില്‍ കാര്യങ്ങള്‍ വെടിപ്പല്ലെന്ന് മനസിലാക്കിയാണ് ചെറുപ്പക്കാരെയും കൃഷിക്കാരെയും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.
Tags:    

Similar News