യോഗിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സ്വത്ത് വിവരം വെളിപ്പെടുത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമില്ല
വെബ് സൈറ്റ് വഴി വിവരങ്ങള്‍ നല്‍കാത്ത നാലിലൊന്ന് ജിവനക്കാരുടെ ശമ്പളം തടഞ്ഞു.
സ്വത്ത് വിവരം വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുരുക്കുമായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കഴിഞ്ഞ മാസത്തിനുള്ളില്‍ സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നാണ് ജീവനക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഓഗസ്റ്റ് 17 നാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ 30 ശതമാനത്തോളം ജീവനക്കാര്‍ മുന്നോട്ടു വന്നിട്ടില്ല. ഇവരുടെ ശമ്പളം തടഞ്ഞു വെക്കാനാണ് പുതിയ നിര്‍ദേശം.
വെളിപ്പെടുത്തിയത് 71 ശതമാനം പേര്‍
ഉത്തര്‍പ്രദേശില്‍ 8.46,640 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ഇതില്‍ 6,02,075 പേരാണ് സ്വത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാരിന്റെ മാനവ് സമ്പദ എന്ന വെബ്‌സൈറ്റ് വഴി ജീവനക്കാര്‍ സ്വത്ത് വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. സ്ഥാവര,ജംഗമ സ്വത്തുക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. ഇതുവരെ 71 ശതമാനം പേരാണ് ഇതിന് തയ്യാറായിട്ടുള്ളത്. നാലിലൊന്ന് ജീവനക്കാര്‍ ഇനിയും മുന്നോട്ടു വന്നിട്ടില്ല. റവന്യു, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് മടിച്ചു നില്‍ക്കുന്നത്. ടെക്‌സ്‌റ്റൈല്‍, സൈനിക ക്ഷേമം, ഊര്‍ജം, കായികം, കൃഷി, വനിതാ ക്ഷേമം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് വിവരങ്ങള്‍ നല്‍കാന്‍ കൂടുതലായി മുന്നോട്ടു വന്നിട്ടുള്ളത്.