ജയിക്കുന്നത് ട്രംപോ കമലയോ ആകട്ടെ, അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വേണം 50,000 കോടി!

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ചെലവ് ഇത്തവണ ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക കണക്കുകള്‍

Update:2024-11-05 17:41 IST
ജയിക്കുന്നത് ഡൊണാള്‍ഡ് ട്രംപോ, കമല ഹാരിസോ ആകട്ടെ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു പേര്‍ക്കും വേണ്ടി പൊടിച്ചത് ചുരുങ്ങിയത് 551 കോടി ഡോളര്‍ അഥവാ, അര ലക്ഷം കോടി രൂപയാണ്. ജയിച്ചാല്‍ ലോകത്തെ നമ്പര്‍ വണ്‍ രാജ്യമെന്നു പറയുന്ന യു.എസിന്റെ പ്രസിഡന്റാകാം. തോല്‍ക്കുന്നവര്‍ക്കാകട്ടെ, ആ 'മാനഹാനി'ക്കൊപ്പം ചുരുങ്ങിയത് 25,000 കോടിയോളം രൂപ തുലച്ചതിന്റെ പ്രയാസവും അനുഭവിക്കണം.
2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ 550 കോടി ഡോളറിലേറെ ചെലവിട്ടുവെന്നാണ് പ്രചാരണത്തിനൊടുവില്‍ പുറത്തു വരുന്ന ഏകദേശ കണക്ക്. കാല്‍ നൂറ്റാണ്ടു കൊണ്ട് പ്രചാരണ ചെലവില്‍ ഉണ്ടായ വര്‍ധന 115 ശതമാനമാണ്. 2000ല്‍ 257 കോടി ഡോളറായിരുന്നത് 2024ല്‍ 550 കോടി ഡോളറായി. ഓപ്പണ്‍ സീക്രട്ട്‌സ് പുറത്തു വിട്ടതാണ് ഈ കണക്കുകള്‍.

ട്രംപിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനോളം വരില്ല, ചെലവ്

2020ലെ തെരഞ്ഞെടുപ്പിനോളം വരില്ല, ഇപ്പോഴത്തെ ചെലവെന്ന് ട്രംപിന് പ്രത്യേകിച്ചും സമാശ്വസിക്കാം. അന്നത്തെ ആകെ ചെലവ് 772 കോടി ഡോളറായിരുന്നു. 2000ല്‍ 257 കോടിയാണ് ചെലവെങ്കില്‍ നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 317 കോടി ഡോളറായി വര്‍ധിച്ചു. 2008ല്‍ 402 കോടിയില്‍ എത്തി. അതിനോട് അടുത്ത തുകയാണ് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ ചെലവായത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ എത്രത്തോളം സാമ്പത്തിക പിന്തുണ വേണമെന്ന കാര്യം കൂടിയാണ് ഇതിനൊപ്പം വെളിവാകുന്നത്. കടുത്ത മത്‌സരത്തിന്റെ ചൂട്, അതു വേറെ.
രണ്ടു സ്ഥാനാര്‍ഥികളില്‍ മാത്രം കേന്ദ്രീകരിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോക്ക്. എന്നാല്‍ കാലം മാറിയപ്പോള്‍ അതിനൊത്ത പുത്തന്‍ ക്രമീകരണവും വേണ്ടിവന്നു. വോട്ടര്‍മാരിലേക്ക് സ്വന്തം വാദമുഖങ്ങള്‍ എത്തിക്കാന്‍ ട്രംപിനും കമലക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പുത്തന്‍ അടവുകള്‍ പ്രയോഗിക്കണമെന്നായി. അതടക്കമുള്ള ചെലവുകള്‍ക്കായി സ്ഥാനാര്‍ഥികളുമായി നേരിട്ട് ബന്ധമില്ലെന്ന് പുറമെ പറയുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റികള്‍ (പി.എ.സി) വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ ധനസമാഹരണം നടത്തുന്നു. ഇത്തരം രാഷ്ട്രീയ കര്‍മ സമിതികള്‍ക്ക് ഏതൊരു സ്ഥാനാര്‍ഥിയേയും പിന്തുണക്കാം, എതിര്‍ക്കാം എന്നതാണ് രീതി. അതിനു മുകളിലുള്ള സൂപ്പര്‍ പി.എ.സികളാണ് കോടികള്‍ ചെലവിടുന്ന പരസ്യ പ്രചാരണങ്ങളില്‍ പ്രമുഖ പങ്ക് വഹിക്കുന്നത്.

സംഭാവനകളില്‍ മുന്നില്‍ കമല ഹാരിസ്

സെപ്തംബര്‍ 30ലെ കണക്കു പ്രകാരം ഡമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് 91 കോടിയോളം ഡോളറാണ് സമാഹരിച്ചത്. പുറം ഗ്രൂപ്പുകള്‍ 36 കോടിയോളം സംഭാവന ചെയ്തു. ഇതില്‍ പകുതിയിലേറെയും വന്‍കിട സംഭാവനകളാണ്. ഇതുമായി തട്ടിച്ചു നോക്കിയാല്‍ ട്രംപിന്റെ സമാഹരണം കുറവാണ്. 37 കോടിയോളം സമാഹരിച്ചു. പുറം ഗ്രൂപ്പുകള്‍ 57 കോടിയോളം സംഭാവന ചെയ്തു. അതേസമയം, അതിസമ്പന്നരില്‍ നിന്നാണ് ട്രംപിന്റെ പിരിവ്. 68 ശതമാനവും ഇങ്ങനെ കിട്ടിയ തുകയാണ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ സംഭാവന നല്‍കാമെന്ന കാര്യത്തില്‍ ഫെഡറല്‍ ഇലക്ഷന്‍ കമീഷന്‍ കര്‍ക്കശ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ക്കും ഗ്രീന്‍കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും മാത്രമാണ് സംഭാവന ചെയ്യാനാവുക. വിദേശ പൗരന്മാര്‍ക്ക് വിലക്കുണ്ട്. ഫെഡറല്‍ കോണ്‍ട്രാക്ടര്‍മാര്‍, കോര്‍പറേഷനുകള്‍, നാഷണല്‍ ബാങ്കുകള്‍, തൊഴിലാളി യൂണിയനുകള്‍, ലാഭേതര സംഘടനകള്‍ എന്നിവ സംഭാവന നല്‍കാന്‍ പാടില്ല. വിദേശ, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ കടന്നു വരാതിരിക്കാനാണ് ഈ നിബന്ധനകള്‍.
Tags:    

Similar News