ഗുരുവായൂരില്‍ നിന്ന് രാമേശ്വരത്തേക്ക് വന്ദേഭാരത്; സാധ്യതാ പഠനം ഇങ്ങനെ
'പില്‍ഗ്രിം ടൂറിസം' പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഒറ്റയടിക്ക് പഴനി, മധുര, രാമേശ്വരം ചുറ്റി തീര്‍ത്ഥാടനയാത്ര
വിവിധ താര്‍ത്ഥാടന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള 'പില്‍ഗ്രിം ടൂറിസം' (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുന്ന വന്ദേഭാരതിന്റെ സാധ്യത പഠനം. ഗുരുവായൂര്‍ നിന്നും പുറപ്പെട്ട് പഴനി, മധുര, രാമേശ്വരം എത്തുന്ന വന്ദേഭാരതിന്റെ സാധ്യതാ പഠനമാണ് നടക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ആദ്യ വന്ദേഭാരത് ട്രെയ്ന്‍ ആയിരിക്കും ഇത്.
സാങ്കേതിക പ്രശ്‌നങ്ങള്‍, പാലക്കാട്,പൊള്ളാച്ചി പാതയിലെ പരമാവധി വേഗത എന്നിവ സംബന്ധിച്ച വിശദമായ പഠനം ഇതോടൊപ്പം നടക്കും. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേഭാരത് സര്‍വീസ് ആയിരിക്കും ഇത്. നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ പകല്‍ സര്‍വീസ് മാത്രമാണു നടത്തുന്നത്. രാത്രി 11ഓടെ സര്‍വീസ് അവസാനിപ്പിക്കും. എന്നാല്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി പുതിയ വന്ദേഭാരത് ട്രെയ്‌നുകള്‍ രാത്രി സര്‍വീസ് കൂടിയാണ് പരിഗണിക്കുന്നത്. വിദഗ്ധ സംഘത്തിന്റെ പഠനശേഷമാകും ഇതില്‍ ഇതില്‍ അന്തിമ തീരുമാനം.
രണ്ട് വന്ദേഭാരത് ട്രെയ്‌നുകള്‍
കേരളത്തിന് നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയ്‌നുകള്‍ ആണുള്ളത്. ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ആദ്യ വന്ദേഭാരതിന് പച്ചക്കൊടി ഉയര്‍ത്തിയത്. പിന്നീട് രണ്ടാം വന്ദേഭാരത് ഇക്കഴിഞ്ഞ ഞായറാഴ്ച ഓടിത്തുടങ്ങി. ഈ ട്രെയ്ന്‍ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസര്‍കോട് വരെയാണ് സര്‍വീസെങ്കിലും ക്രമേണ മംഗലാപുരം വരെ നീട്ടിയേക്കും.