പിന്മാറിയെങ്കില്‍ ഫോഗട്ടിന് വെള്ളി കിട്ടിയേനെ; 100 ഗ്രാമില്‍ പൊലിഞ്ഞതോ, സ്വര്‍ണ സ്വപ്നം

ഫോഗട്ട് പുറത്തായതിനു പിന്നില്‍ ഗുഢാലോചനയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്‌

Update:2024-08-07 15:39 IST

Image: x.com/Vinesh Phogat, x.com/modi

ഒളിംപിക്‌സ് ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗം ഫൈനലിന് മുമ്പേ ഭാരക്കൂടുതലിന്റെ പേരില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് അയോഗ്യത. നിശ്ചിത പരിധിയേക്കാള്‍ 100 ഗ്രാം ശരീരഭാരം കൂടുതലായതാണ് ഫോഗട്ടിനും രാജ്യത്തിനും ഉറപ്പുള്ള മെഡല്‍ നഷ്ടമാക്കിയത്. 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഫോഗട്ട് മല്‍സരിച്ചത്.
വിഷയത്തില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയോട് ആവശ്യപ്പെട്ടു. ഫോഗട്ടിനെ അയോഗ്യയാക്കിയെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മോദി ട്വിറ്ററില്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തി. തിരിച്ചടി വേദനാജനകമാണെന്ന് കുറിച്ച അദ്ദേഹം വെല്ലുവിളികളെ ധീരതയോടെ നേരിടാന്‍ ഫോഗട്ടിന് സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
പിന്മാറിയിരുന്നെങ്കില്‍ വെള്ളി ഉറപ്പ്
മുമ്പ് 53 കിലോഗ്രാമില്‍ മല്‍സരിച്ചിരുന്ന ഫോഗട്ട് പിന്നീട് 50 കിലോഗ്രാം വിഭാഗത്തിലേക്ക് മാറുകയായിരുന്നു. ഭാരക്കൂടുതലാണെന്ന കാര്യം ഇന്നലെ രാത്രി തന്നെ ഫോഗട്ടും കോച്ചും തിരിച്ചറിഞ്ഞിരുന്നു. ഭാരം കുറയ്ക്കാനായി രാത്രി മുഴുവന്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘവും പരിശീലകരും ഉള്‍പ്പെടെ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി താരം മുടിമുറിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഭാരം നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ താരം മോഹാലസ്യപ്പെട്ടു വീണു. ആശുപത്രിക്കിടക്കയില്‍ വച്ചാണ് അയോഗ്യത വാര്‍ത്ത താരം അറിയുന്നത്.
ഭാരം കൂടുതലാണെന്ന് തിരിച്ചറിഞ്ഞ സമയത്ത് ഫൈനലില്‍ മല്‍സരിക്കാതിരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ വെള്ളി കിട്ടുമായിരുന്നു. എന്നാല്‍ ഫൈനല്‍ ജയിക്കാമെന്ന വിശ്വാസത്തിനൊപ്പം ഭാരം കുറയ്ക്കാമെന്ന പ്രതീക്ഷയും കൂടി ചേര്‍ന്നതോടെ വെല്ലുവിളി ഏറ്റെടുക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. അതാകട്ടെ ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങളെ തന്നെ ഞെരിച്ചു കളഞ്ഞു.
ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്, രാഷ്ട്രീയ വിവാദമാകുന്നു
അതേസമയം, ഫോഗട്ട് പുറത്തായതിനു പിന്നില്‍ ഗുഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗുസ്തി ഫെഡറേഷനിലെ പ്രശ്‌നങ്ങളില്‍ മുന്‍ പ്രസിഡന്റും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷന്‍ സിംഗിനെതിരായ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയില്‍ ഫോഗട്ടും ഉണ്ടായിരുന്നു. ഫോഗട്ടിന് മെഡല്‍ നഷ്ടപ്പെടുത്തിയതിന് പിന്നില്‍ ഒത്തുകളി നടന്നെന്ന ആരോപണത്തിനെതിരേ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. സംഭവം വരും ദിവസങ്ങളില്‍ വലിയ വിവാദത്തിന് കാരണമായേക്കും.
Tags:    

Similar News