കൊറോണ വൈറസ് കൂടുതല്‍ അപകടകാരിയായി തിരികെ വരുന്നുവെന്ന ഭീതിയില്‍ ചൈന

Update: 2020-05-21 08:05 GMT

വ്യത്യസ്തകളോടെയും കൂടുതല്‍ അപകടകാരിയുമായി കൊറോണ വൈറസ് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന ഭീതി പങ്കുവച്ച്  ചൈനയിലെ ഡോക്ടര്‍മാര്‍. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ പുതുതായി രോഗബാധിതരായവരില്‍ കണ്ടെത്തിയ വൈറസ് പരിശോധിച്ചശേഷമാണ് ഡോക്ടര്‍മാര്‍ ഈ നിഗമനത്തിലെത്തിയത്. ജനിതകമാറ്റം സംഭവിച്ച് വൈറസ് കൂടുതല്‍ അപകടകാരിയാകുന്നതായുള്ള സംശയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കുണ്ട്.

ബെയ്ജിങ്ങില്‍ വാര്‍ഷിക രാഷ്ട്രീയ കുട്ടായ്മ ഈയാഴ്ച തുടങ്ങാനിരിക്കെ പുതിയ മേഖലകളിലെ രോഗവ്യാപനം എത്രയും പെട്ടെന്നു നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണു ചൈന. സര്‍ക്കാര്‍ അജണ്ടകള്‍ക്ക് അംഗീകാരം നല്‍കാന്‍ ആയിരക്കണക്കിനു പ്രതിനിധികളാണ് ബെയ്ജിങ്ങില്‍ എത്തിച്ചേരുക.ഇതിനിടെ വൈറസിന്റെ രീതികളില്‍ ഉണ്ടാകുന്ന മാറ്റം രോഗവ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കും വിപണി തുറക്കാനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന ആശങ്ക അധികൃതരില്‍ ശക്തമാണ്.

വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ രോഗികള്‍ക്കു ഹൃദയം, വൃക്ക, കുടല്‍ എന്നീ ഭാഗങ്ങളില്‍ തകരാറു സംഭവിച്ചിരുന്നു. എന്നാല്‍ വടക്കുകിഴക്കന്‍ പ്രദേശത്തെ രോഗികളുടെ ശ്വാസകോശത്തിനാണു കൂടുതല്‍ തകരാറ് സംഭവിക്കുന്നതെന്ന് പ്രമുഖ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടറായ ക്യൂ ഹൈബോ പറഞ്ഞു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള രാജ്യങ്ങളിലൊന്നായ റഷ്യയില്‍നിന്നെത്തിയവരില്‍നിന്നാണ് വടക്കുകിഴക്കന്‍ ഭാഗത്തുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്നാണു കരുതുന്നത്.

വുഹാനിലേതില്‍നിന്നു വ്യത്യസ്തവും അപകടകാരിയുമാണ് രണ്ടാം വരവിലെ കൊറോണ വൈറസ് എന്ന അഭിപ്രായം പല ഡോക്ടര്‍മാര്‍ക്കുമുണ്ട്. അജ്ഞാതമായ രീതിയില്‍ വൈറസിനു മാറ്റം വരുന്നു. വൈറസ് പ്രതിരോധത്തെ ഇതു കൂടുതല്‍ സങ്കീര്‍ണമാക്കും. ഈയിടെ രോഗബാധിതരായവരില്‍ വൈറസ് നേരത്തേതിലും കൂടുതല്‍ സമയം നിലനില്‍ക്കുന്നതായി ഡോ. ഹൈബോ പറഞ്ഞു. 100 ദശലക്ഷം ആളുകള്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനവും നിയന്ത്രണങ്ങളും അവസാനിച്ചെന്ന് ആരും കരുതേണ്ടതില്ലെന്നും വൈറസ് ദീര്‍ഘകാലം സമൂഹത്തിലുണ്ടാകുമെന്നും പകര്‍ച്ചവ്യാധി വിഭാഗം ഡോക്ടറായ വി അന്‍ഹുവ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News