നിലച്ചത് വ്യാപാരികളുടെ ഉറച്ച ശബ്ദം!
അസംഘടിതരായ വ്യാപാരി സമൂഹത്തിന് വേണ്ടി അനവരതം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ടി. നസിറുദ്ദീന്‍
സംസ്ഥാനത്തെ വ്യാപാരികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്‍നിരയിലായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായിരുന്ന, കഴിഞ്ഞയിടെ അന്തരിച്ച ടി നസിറുദ്ദീന്റെ സ്ഥാനം. അക്ഷരാര്‍ത്ഥത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു അദ്ദേഹം. അസംഘടിതരായ വ്യാപാരികളെ സംഘടിപ്പിക്കുക മാത്രമല്ല എല്ലാത്തരത്തിലും സുസജ്ജമായൊരു സംഘടനാ സംവിധാനം തന്നെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. ''സെയ്ല്‍സ് ടാക്‌സ് ഉദ്യോഗസ്ഥരുടെ അന്യായമായ കടപരിശോധനയ്‌ക്കെതിരെ അദ്ദേഹം നയിച്ച അതിശക്തമായ പ്രതിരോധം സംഘടനാചരിത്രത്തിലെ തന്നെ അവിസ്മരണീയമായ സംഭവമാണ്. ഉദ്യോഗസ്ഥരുടെ അന്യായമായ ഇടപെടലുകള്‍ക്കെതിരെ ഉറക്കെ ശബ്ദിക്കുക മാത്രമല്ല, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നില്‍ എത്തിച്ച് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ദേശീയതലത്തിലെ തന്നെ വ്യാപാരി സമൂഹത്തെ സംഘടിപ്പിക്കാനും രാജ്യത്തെ നിരവധി മുന്‍ പ്രധാനമന്ത്രിമാരെ നേരില്‍ കണ്ട് വ്യാപാരികള്‍ക്കു വേണ്ടി സംസാരിക്കാനും അദ്ദേഹം മുന്നില്‍ നിന്നിരുന്നു,'' വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറയുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് സംസ്ഥാനത്തെമ്പാടുമായി 2400 ഓളം വ്യാപാരഭവനുകളുണ്ട്. അവയെല്ലാം തന്നെ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 4000 ത്തോളം യൂണിറ്റുകളും പത്തുലക്ഷത്തോളം അംഗങ്ങളുമുണ്ട്. ''പലിശ രഹിതമായി കോടിക്കണക്കിന് രൂപ വ്യാപാരികള്‍ക്ക് വായ്പ നല്‍കുന്ന യൂണിറ്റുകള്‍ വരെയുണ്ട്. ഈ സുസജ്ജമായ സംവിധാനം കെട്ടിപ്പടുക്കാന്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അദ്ദേഹത്തിന്റെ സാരഥ്യം കാരണമായിട്ടുണ്ട്,'' രാജു അപ്‌സര പറയുന്നു.
പുതിയ നേതാവ് ആര്?
ടി. നസിറുദ്ദീന്റെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. അതിനുശേഷം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഏകകണ്ഠമായി വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് നല്‍കുമെന്ന് രാജു അപ്‌സര പറയുന്നു.ജൂലൈ മാസത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ചാകും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുക. ''സംഘടനയുടെ തലപ്പത്തുള്ളത് സ്ഥാനമോഹികളല്ല. പുതിയ കാലത്ത് സംഘടനയെ നയിക്കാന്‍ പറ്റുന്ന നേതൃത്വം തന്നെ വരും,'' രാജു അപ്‌സര പറഞ്ഞു.