10 ലക്ഷം കോടിയുടെ സ്വത്തുണ്ടെന്നു വെച്ച്...?ഒരു കാപ്പിക്ക് ₹328 'കത്തി' വിലയെന്ന് ബഫറ്റിന്റെ ഭാര്യ

ആസ്ട്രിഡ് വാറന്‍ ബഫറ്റ് ആണ് കാപ്പിക്ക് വില കൂടിയതില്‍ പരാതിപ്പെട്ടത്

Update:2023-07-17 15:23 IST

കോടീശ്വരനായ വാറന്‍ ബഫറ്റും ഭാര്യ ആസ്ട്രിഡ് മെന്‍ക്സും 2006-ല്‍ വിവാഹിതനായപ്പോള്‍ അദ്ദേഹത്തിന് 76 വയസ്സായിരുന്നു, ആസ്ട്രിഡിന് 60 വയസ്സും. ആസ്ട്രിഡ് അന്നുമുതല്‍ പതിവായി അദ്ദേഹത്തിനൊപ്പം കോണ്‍ഫറന്‍സുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും ആസ്ട്രിഡിന്റെ അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമ ശ്രദ്ധ നേടാറുമുണ്ട്.

ആസ്ട്രിഡ് അടുത്തിടെ പങ്കെടുത്ത ഒരു പരിപാടിയില്‍ കാപ്പിയുടെ ഉയര്‍ന്ന വിലയെക്കുറിച്ച് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്. അലന്‍ ആന്‍ഡ് കോയുടെ 'കോടീശ്വരന്മാര്‍ക്കായുള്ള വാര്‍ഷിക സമ്മര്‍ ക്യാമ്പില്‍' പങ്കെടുത്ത ആസ്ട്രിഡ് ബഫറ്റ് ഒരു കപ്പ് കാപ്പിക്ക് 4 ഡോളര്‍ നല്‍കിയതായി പറയുന്നു. അതായത് ഏകദേശം 328 രൂപ. അത് വളരെ കൂടുതലാണെന്നാണ് ആസ്ട്രിഡ് അഭിപ്രായപ്പെട്ടത്.

കഫേയിലെ വെയിട്രസ്

ഒമഹയിലെ ഒരു ഫ്രഞ്ച് കഫേയില്‍ വെയിട്രസ് ആയി ആസ്ട്രിഡ് ജോലി ചെയിതിട്ടുണ്ടെന്ന് ബിസിനസ് ഇന്‍സൈഡര്‍ പറയുന്നു. പിന്നീടാണ് ഇരുവരുമായുള്ള വിവാഹം. അപ്പോള്‍ കാപ്പിയുടെ വിലയെക്കുറിച്ച് അവര്‍ വൈകാരികമായതില്‍ തെറ്റില്ലല്ലോ. പല വേദികളിലും ഇതേ വിലയ്ക്ക് 'ഒരു പൗണ്ട് കാപ്പി കിട്ടുമല്ലോ' എന്നവര്‍ പരാതിപ്പെട്ടതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തിലെ ആറാമത്തെ വലിയ സമ്പന്നൻ ബഫറ്റ് 

ഫോബ്‌സ് പ്രകാരം 114 ബില്യണ്‍ ഡോളര്‍ ആസ്തിയോടുകൂടി ലോകത്തിലെ ആറാമത്തെ വലിയ സമ്പന്നനാണ് ബഫറ്റെങ്കിലും, ബഫറ്റ് അദ്ദേഹത്തിന്റെ മിതവ്യയത്തിനും പ്രശസ്തനാണ്. 1958 ല്‍ 31,500 ഡോളറിന് ഒമാഹയില്‍ വാങ്ങിയ അതേ വീട്ടിലാണ് അദ്ദേഹം ഭാര്യയോടൊപ്പം ഇപ്പോഴും താമസിക്കുന്നത്.

സെക്കന്റ് ഹാന്‍ഡ് പോലും ബഫറ്റ് വാങ്ങും

ബഫറ്റ് ഡിസ്‌കൗണ്ട് കൂപ്പണുകള്‍ വഴി സാധനങ്ങള്‍ വാങ്ങുകയും ആലിപ്പഴം വീണ് കേടായ യൂസ്ഡ് കാറുകള്‍ വിലകുറച്ച് വാങ്ങുകയും മക്ഡൊണാള്‍ഡിലെ ലഘു ഭക്ഷണം ബ്രേക്ഫാസ്റ്റായി വാങ്ങിക്കഴക്കുകയും ചെയ്യാറുണ്ടെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ എടുത്തെഴുതിയിട്ടുണ്ട്.

ഏറ്റവും 'സിംപിള്‍' കോടിപതി

ലോകം കണ്ട എക്കാലത്തെയും മികച്ച നിക്ഷേപകരില്‍ ഒരാളാണ് വാറന്‍ ബഫറ്റ്. ഇന്‍ഷുറര്‍ ഗീക്കോ, ബാറ്ററി നിര്‍മ്മാതാവ് ഡ്യൂറാസെല്‍, റെസ്റ്റോറന്റ് ശൃംഖലയായ ഡയറി ക്വീന്‍ എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ കമ്പനികളുടെ ഉടമസ്ഥതയുള്ള ബെര്‍ക്ക്ഷയര്‍ ഹാത്ത്വേയുടെ ഉടമയാണ് അദ്ദേഹം.

ലോകസമ്പന്നന്മാര്‍ ചേര്‍ന്നെടുത്ത 'ഗിവിംഗ് പ്ലെഡ്ജി'ല്‍ അദ്ദേഹം തന്റെ സമ്പത്തിന്റെ 99 ശതമാനവും സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ബഫറ്റ് ഇതുവരെ അദ്ദേഹം 51 ബില്യണ്‍ ഡോളറിലധികം നല്‍കിയിട്ടുമുണ്ട്. ഈ സംഭാവനകളില്‍ അധികവും ഗേറ്റ്‌സ് ഫൗണ്ടേഷനും കുട്ടികളുടെ ചാരിറ്റി ഫൗണ്ടേഷനുമാണ്.

Tags:    

Similar News