ഭൂരിപക്ഷത്തില്‍ രാഹുലിനെ മറികടക്കുമോ, പ്രിയങ്ക? എതിരാളി ആനിരാജ തന്നെയോ?
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റം പ്രിയങ്കയുടെ വോട്ടുവിഹിതത്തില്‍ പ്രതിഫലിച്ചേക്കും
ഭൂരിപക്ഷത്തിൽ രാഹുലിനെ മറികടക്കുമോ, പ്രിയങ്ക? വയനാട്ടിൽ മത്സരിക്കാൻ എത്തുന്ന പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമോ? വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ചർച്ച സജീവം. യു.ഡി.എഫിന്റെ കുത്തക മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ പ്രിയങ്കക്കക്ക് കഴിയുമെന്നാണ് വിലയിരുത്തലുകൾ.
2019ൽ ആദ്യമായി രാഹുൽ വയനാട്ടിൽ മത്സരിച്ചപ്പോൾ 706,367 വോട്ടാണ് രാഹുലിന് കിട്ടിയത്. ആകെ പോൾ ചെയ്തതിന്റെ 64.67 ശതമാനം വോട്ടും പിടിച്ചത് രാഹുൽ തന്നെ. 2024ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും രാഹുൽ 647,445 വോട്ടു പിടിച്ചു. ശതമാന കണക്കിൽ ഇത് 59.69 ആണ്. 364,422 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് ഇത്തവണ കിട്ടിയത്.
അഞ്ചു വർഷം മുമ്പ് വയനാട്ടിൽ രാഹുൽ നടത്തിയ മാസ് എൻട്രിയെ വെല്ലുന്ന വരവാകാൻ പ്രിയങ്ക ഗാന്ധിക്ക് കഴിയുമെന്ന കണക്കു കൂട്ടലിന് ന്യായങ്ങൾ പലതുണ്ട്. ‘ഇന്ദിരാമുഖി’യായ പ്രിയങ്ക ജനപ്രിയതയിൽ രാഹുലിനേക്കാൾ ഒരുപടി മുന്നിലത്രേ. കോൺഗ്രസിലെ കരുത്തുറ്റ നേതാവും വീറുറ്റ വനിതാ മുഖവും ഗാന്ധി കുടുംബാംഗവുമാണ് പ്രിയങ്ക. അതത്രയും അനുകൂല ഘടകങ്ങളാവും.
10 വർഷത്തെ മോദി ഭരണത്തിനു ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും പ്രതിപക്ഷത്തിനാകെത്തന്നെയും ഉണ്ടായ മുന്നേറ്റം പ്രിയങ്കക്ക് അനുകൂലമായ വോട്ടുകളുടെ എണ്ണം കൂട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി രണ്ടുവട്ടം കേന്ദ്രം ഭരിച്ച നരേന്ദ്രമോദിയും ബി.ജെ.പിയുമല്ല ഇന്ന് രാജ്യത്തിനു മുന്നിൽ. മോദിയുടെ അജയ്യതക്ക് ഇടിവു തട്ടി സഖ്യകക്ഷി സംവിധാനത്തെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം പ്രതിപക്ഷത്തിന്റെ മാത്രമല്ല, പ്രതിപക്ഷ മനസുള്ളവരുടെയും വീര്യം കൂട്ടും. അത് വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.
രാഹുൽ വയനാട് മണ്ഡലം ഒഴിയുന്നതിനെതിരായ വികാരത്തെ മറികടക്കാൻ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിന് കഴിയുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. മുസ്‍ലിം ലീഗ് അടക്കം സഖ്യകക്ഷികളും ആഹ്ലാദത്തിലാണ്. മുൻപ് രാഹുലിനെയും ഇപ്പോൾ പ്രിയങ്കയേയും ലോക്സഭയിൽ എത്തിക്കാൻ അവസരം വരുന്നതിന്റെ ആഹ്ലാദ തിമിർപ്പും വയനാട്ടിലെ യു.ഡി.എഫിനുണ്ട്. അവർക്ക് ആവേശം പകരാൻ അടുത്ത മാസാദ്യം തന്നെ വയനാട്ടിൽ എത്താനുള്ള പുറപ്പാടിലാണ് രാഹുലും പ്രിയങ്കയും.
പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ പ്രധാന പ്രതിയോഗി ആരാവും? സി.പി.ഐയാണ് തീരുമാനം എടുക്കേണ്ടത്. പാർട്ടി പറഞ്ഞാൽ പ്രിയങ്കയുമായി ഏറ്റുമുട്ടാൻ തയാറെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സി.പി.ഐയുടെ വനിത നേതാവ് ആനി രാജ. അങ്ങനെയെങ്കിൽ വനിത നേതാക്കളുടെ തീപാറും പോരാട്ടത്തിന് വേദി കൂടിയാവുകയാണ് വയനാട്. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലേക്ക് കണ്ണയച്ച് കാത്തിരിക്കുന്നു, വയനാട്ടുകാർ.