വയനാട് ഉരുള്‍പൊട്ടല്‍: ദുരിത ബാധിതര്‍ക്ക് അടിയന്തര ധനസഹായം, ബാങ്ക് വായ്പയും ഒഴിവാക്കിയേക്കും
ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സ്
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ വാസസ്ഥലം നഷ്ടമായവര്‍ക്ക് മറ്റൊരിടത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവര്‍ക്കും സഹായം ലഭിക്കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും 30 ദിവസം നല്‍കും. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ് ആനുകൂല്യം. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളിലെ മൂന്ന് പേര്‍ക്ക് ആനുകൂല്യം ലഭിക്കും.
ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ വീതം അനുവദിക്കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെ തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാങ്ക് വായ്പകള്‍ ഒഴിവാക്കിയേക്കും
വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കത്തെഴുതും. വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്നും ആവശ്യപ്പെടും. വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ക്യാംപുകളില്‍ കഴിയുന്നവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ സ്ഥാപനത്തിനെതിരെ ശക്തമായ നടപടിയെടുക്കും.
ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്‌സ്
ഇഷൂറന്‍സ് ക്ലെയിമുകള്‍ക്കായി ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ കെ ഗോപിനാഥ് ചെയര്‍മാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അര്‍ഹമായ ക്ലെയിമുകള്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികളാണ് പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവര്‍ എടുത്തിട്ടുള്ള ഇന്‍ഷൂറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനായി തയ്യാറാക്കും.