ലോകമെമ്പാടും കമ്പ്യൂട്ടറുകളെ വലച്ച ക്രൗഡ്‌സ്ട്രൈക്ക് എന്താണ്?
ക്രൗഡ്‌സ്ട്രൈക്ക് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റാണ് തകർച്ചയ്ക്ക് കാരണം
ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യു.കെ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോക്താക്കൾക്ക് അവരുടെ ലാപ്‌ടോപ്പുകളിൽ പൊടുന്നനെയാണ് പ്രശ്നം നേരിട്ടത് - നീല സ്ക്രീൻ. പിന്നാലെ സ്ക്രീൻ ഷട്ട് ഡൗൺ ആയി. പിന്നെ റീസ്റ്റാർട്ട്. വീണ്ടും ഷട്ട് ഡൗൺ.. അടുത്തിടെയുണ്ടായ ക്രൗഡ്‌സ്ട്രൈക്ക് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റാണ് ഈ തകർച്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
എന്താണ് ക്രൗഡ്‌സ്ട്രൈക്ക്?
ക്രൗഡ്‌സ്ട്രൈക്ക് എന്നത് വ്യക്തിഗത ഉപയോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും സുരക്ഷാ സോഫ്റ്റ് വെയറുകള്‍ നൽകുന്ന ഒരു സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമാണ്. കമ്പ്യൂട്ടറുകളില്‍ ഉണ്ടായേക്കാവുന്ന സോഫ്റ്റ് വെയര്‍ ഭീഷണികള്‍ തത്സമയം ഇല്ലാതാക്കുന്നതിനാണ് ഫാൽക്കൺ ഐഡന്റിറ്റി ത്രെറ്റ് പ്രൊട്ടക്ഷൻ ഉപയോഗിക്കുന്നത്. എൻഡ്‌പോയിന്റുകൾ, വർക്ക്‌ലോഡുകൾ, ഐഡന്റിറ്റി എന്നിവയില്‍ സംഭവിക്കാവുന്ന സോഫ്റ്റ് വെയര്‍ ആക്രമണങ്ങളെ പരസ്പര ബന്ധമുള്ള സെൻസറും ഏകീകൃത ഇന്റർഫേസും ഉപയോഗിച്ചാണ് ഇത് നേരിടുന്നത്.
ക്രൗഡ്‌സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസറിന്റെ തകരാറും വിൻഡോസ് സിസ്റ്റവുമായുള്ള വൈരുദ്ധ്യവുമാണ് നിലവിലെ തകരാറിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിശക് സംഭവിച്ചതായി ക്രൗഡ്‌സ്ട്രൈക്ക് അംഗീകരിച്ചു. തങ്ങളുടെ എഞ്ചിനീയർമാർ ഈ പ്രശ്നം പരിഹരിക്കാന്‍ സജീവമായ പ്രവർത്തനത്തിലാണെന്നും പ്രശ്നം പരിഹരിച്ചു കഴിഞ്ഞാൽ ഉപയോക്താക്കളെ അറിയിക്കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. ബിസിനസ് മേഖലയിലെ നിർണായകമായ ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങള്‍ ക്ലൗഡ് സേവനങ്ങളെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ മൂലമുളള തടസ്സങ്ങളാണ് നിലവില്‍ വ്യാപകമായി സംഭവിച്ചത്. എയർലൈനുകൾ, ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് ബിസിനസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ തകരാറ് ബാധിച്ചു.
എന്താണ് ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത്?
ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (BSOD) എന്നത് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ കാണിക്കുന്ന ഗുരുതരമായ എറര്‍ സന്ദേശമാണ്. സിസ്റ്റം ക്രാഷ് ചെയ്യുമ്പോൾ സുരക്ഷിതമായി പ്രവർത്തിക്കാന്‍ കമ്പ്യൂട്ടറിന് സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടര്‍ നീല സ്‌ക്രീനില്‍ എറര്‍ സന്ദേശങ്ങള്‍ എഴുതി കാണിക്കുന്നു. ഈ പിശക് സംഭവിക്കുമ്പോൾ, കമ്പ്യൂട്ടർ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് അപ്രതീക്ഷിതമായി പുനരാരംഭിക്കുന്നു. കൂടാതെ സംരക്ഷിക്കാത്ത ഡാറ്റ നഷ്ടപ്പെടാനുളള സാധ്യതകളും ഉണ്ട്.
“നിങ്ങളുടെ പി.സി ഒരു പ്രശ്‌നത്തിൽ അകപ്പെട്ടു, കമ്പ്യൂട്ടര്‍ പുനരാരംഭിക്കേണ്ടതുണ്ട്. ഞങ്ങൾ ചില എറര്‍ വിവരങ്ങൾ ശേഖരിക്കുകയാണ്, വൈകാതെ റീ സ്റ്റാർട്ടാകും." എന്ന സന്ദേശമാണ് മൈക്രോസോഫ്റ്റ് ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എറര്‍ സന്ദേശങ്ങളായി പ്രദര്‍ശിപ്പിക്കാറുളളത്.