മുഖ്യമന്ത്രിമാരില്‍ പണക്കാരന്‍ ചന്ദ്രബാബു നായിഡു; പിണറായി വിജയന്റെ ആസ്തി എത്ര?

'പാവപ്പെട്ട' മുഖ്യമന്ത്രി മമത ബാനര്‍ജി

Update:2024-12-31 21:04 IST

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ധനികനാരാണ്? 31 മുഖ്യമന്ത്രിമാരില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പട്ടികയില്‍ മുന്നില്‍. 931 കോടി രൂപയാണ് നായിഡുവിന്റെ ആസ്തി. അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് രണ്ടാം സ്ഥാനത്ത്. ആസ്തി 332 കോടി രൂപ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 51 കോടിയുമായി മൂന്നാം സ്ഥാനത്താണ്. ആസ്തി ഏറ്റവും കുറവുള്ളത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണ്. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മമതയെക്കാള്‍ രണ്ട് പടി മുന്നിലാണ്. ഡല്‍ഹിയിലെ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പിണറായി വിജയന്റെ ആസ്തി എത്ര?

രാജ്യത്തെ ഏറ്റവും 'പാവപ്പെട്ട' മുഖ്യമന്ത്രിയായ മമത ബാനര്‍ജിയുടെ ആസ്തി 15 ലക്ഷം മാത്രമാണ്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ടുള്ളയാണ് പട്ടികയില്‍ പിന്നില്‍ നിന്ന് രണ്ടാമതുള്ളത്. 55 ലക്ഷമാണ് ആസ്തി. ഒമര്‍ അബ്ടുള്ളക്ക് തൊട്ടു മുകളിലാണ് പിണറായി വിജയന്റ് സ്ഥാനം. ആസ്തി 1.18 കോടി രൂപ. ഏറ്റവുമധികം സാമ്പത്തിക ബാധ്യതകളുള്ളത് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു (180 കോടി), കര്‍ണാടകയിലെ സിദ്ധരാമയ്യ(23 കോടി), ചന്ദ്രബാബു നായിഡു (10 കോടി) എന്നിവരാണ്. പത്ത് മുഖ്യമന്ത്രിമാരാണ് ഒരു കോടിയിലേറെ രൂപയുടെ ബാധ്യതകള്‍ ഉള്ളവര്‍.

ഒരാളുടെ ശരാശരി ആസ്തി 52.59 കോടി

വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരായ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി മൊത്തം കൂട്ടിയാല്‍ 1,630 കോടി രൂപ വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാളുടെ ശരാശരി ആസ്തി 52.59 കോടി രൂപ. 2023-24 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആളോഹരി ദേശീയ വരുമാനം 1.85 ലക്ഷമാണ്. അതേസമയം, ഒരു മുഖ്യമന്ത്രിയുടെ ശരാശരി വരുമാനം 13.64 ലക്ഷം രൂപയാണ്. ദേശീയ ശരാശരിയേക്കാള്‍ 7.3 മടങ്ങ് കൂടുതല്‍. രാഷ്ട്രീയക്കാര്‍ക്കിടയിലെ സ്വത്ത് സമ്പാദനം എത്രമാതം അസന്തുലിതമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ 42 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൈക്കൂലി, തട്ടികൊണ്ടു പോകല്‍, വധശ്രമം തുടങ്ങിയ ഗുരുതരമായ കേസുകളാണ് 32 ശതമാനം മുഖ്യമന്ത്രിമാര്‍ക്കെതിരെയുള്ളത്.

Tags:    

Similar News