'വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതും'; ആഗോള അംഗീകാരം നേടി കൊവിഷീല്‍ഡ്
ഫൈസറിന് അംഗീകാരം നല്‍കിയതിന് ശേഷം യുഎന്‍ ആരോഗ്യ ഏജന്‍സി ആഗോള അംഗീകാരം നല്‍കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്.
പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന അംഗീകാരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇത് വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണെന്ന് സംഘടന വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കും ഏറ്റവും ഈ വാക്‌സിന്‍ അനുയോജ്യമെന്നും ഡബ്ല്യുഎച്ച്ഒ വിലയിരുത്തി.
ബ്രിട്ടന്‍, ഇന്ത്യ, അര്‍ജന്റീന, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 50 ലധികം രാജ്യങ്ങളില്‍ ഇതിനകം തന്നെ ഈ വാക്‌സിന്‍ അംഗീകരിച്ചിട്ടുണ്ട്. ഫൈസര്‍-ബയോ ടെക് വാക്‌സിനേക്കാള്‍ വിലകുറഞ്ഞതും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ് കൊവിഷീല്‍ഡ്. ഇരു വാക്‌സിനുകളും ഒരാള്‍ക്ക് രണ്ട് ഡോസ് വീതം ആവശ്യമാണ്.
ഇതോടെ ഫൈസര്‍-ബയോടെക് വാക്‌സിന് ഡിസംബറില്‍ അംഗീകാരം ലഭിച്ചതിന് ശേഷം യുഎന്‍ ആരോഗ്യ ഏജന്‍സിയുടെ ആഗോള അംഗീകാരം ലഭിക്കുന്ന ലോകത്തെ രണ്ടാമത്തെ കോവിഡ് വാക്‌സിനാകുകയാണ് ഇത്തരത്തില്‍ കൊവിഷീല്‍ഡ്. വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനക-എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും.
''ഇന്നുവരെ വാക്‌സിനുകള്‍ ലഭ്യമല്ലാത്ത രാജ്യങ്ങള്‍ക്ക്, അപകടസാധ്യതയില്‍ കഴിയുന്ന അവരുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ് ആരംഭിക്കാന്‍ കഴിയും,'' ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മരിയാഞ്ചെല സിമോ വ്യക്തമാക്കി.