കോവിഡ് വ്യാപനം അതിവേഗം: ഉത്ക്കണ്ഠ ഏറുന്നതായി ലോകാരോഗ്യ സംഘടന

Update: 2020-04-02 08:55 GMT

ലോകത്തുടനീളം കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിലുള്ള ഉത്ക്കണ്ഠ പങ്കുവച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കഴിഞ്ഞ അഞ്ച് ആഴ്ചകളായി കൊറോണ കേസുകളുടെ എണ്ണം പ്രതീക്ഷിക്കാത്തവിധമാണ് ഉയര്‍ന്നതെന്നും ഇത് ലോകത്തെ എല്ലാ മേഖലകളെയും ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'കോവിഡ് -19 മഹാമാരി ആരംഭിച്ച് നാലാം മാസത്തിലേക്ക് കടന്നിരിക്കുന്നു. ഈ അണുബാധ ആഗോളതലത്തില്‍ അതിവേഗം വ്യാപിക്കുന്നതില്‍ ഞാന്‍ അതീവ ഉത്ക്കണ്ഠാകുലനാണ്'- ഗെബ്രിയേസസ് അറിയിച്ചു. ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ എണ്ണം കേസുകളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെങ്കിലും  ഈ പ്രദേശങ്ങളില്‍  രോഗം 'ഗുരുതരമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

കോണ്‍ടാക്റ്റുകള്‍ തിരിച്ചറിയാനും സാമൂഹിക ഒറ്റപ്പെടുത്തല്‍ ഏര്‍പ്പെടുത്താനും കേസുകള്‍ കണ്ടെത്താനും പരിശോധിക്കാനും ചികിത്സിക്കാനും ഈ രാജ്യങ്ങള്‍ സജ്ജമാണെന്നുറപ്പാക്കേണ്ടത് നിര്‍ണായകമാണ്. പരിമിതമായ വിഭവങ്ങളേ ഉള്ളൂ എങ്കിലും പല രാജ്യങ്ങളും ഇതിനു തയ്യാറാകുന്നത് പ്രകീക്ഷയുണര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് -19 ചികിത്സിക്കുന്നതിനും ഏറ്റവും മോശമായി ഗോഗം ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കുന്നതിനും സഹായിക്കുന്ന നാലിനം മരുന്നു സംയുക്തങ്ങള്‍ താരതമ്യം ചെയ്യുന്നതിനുള്ള 'സോളിഡാരിറ്റി ട്രയലില്‍' പങ്കെടുക്കാനുള്ള യുഎന്‍ ആരോഗ്യ ഏജന്‍സിയുടെ ആഹ്വാനത്തോട് 74 രാജ്യങ്ങള്‍ സഹകരിച്ചു തുടങ്ങി. ഇതുവരെ 200 ലധികം രോഗികളിലാണ് ഇതിന്റെ ഭാഗമായുള്ള പഠന ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പുതിയ വൈറസിനെതിരെ കുറഞ്ഞ സമയത്തിനകം ഫലം തരുന്ന സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകള്‍ ഏതെല്ലാമാണെന്നതിന് തെളിവുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കോവിഡ് -19 നെ തുരത്താന്‍ മുന്‍നിരകളില്‍ നിന്നു പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാസ്‌ക് ഉള്‍പ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാന്‍ യുഎന്‍ ആരോഗ്യ ഏജന്‍സി വിവിധ സര്‍ക്കാരുകളുമായും നിര്‍മ്മാതാക്കളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗെബ്രിയേസസ് അറിയിച്ചു. 'രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും മെഡിക്കല്‍ മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു', അദ്ദേഹം പറഞ്ഞു, 'എന്നിരുന്നാലും, മറ്റ് സംരക്ഷണ നടപടികളുമായി സംയോജിപ്പിക്കുമ്പോള്‍ മാത്രമേ മാസ്‌കുകള്‍ ഫലപ്രദമാകൂ'.

പകര്‍ച്ചവ്യാധിക്കിടയില്‍ തന്നെ, വിളകള്‍ നശിപ്പിക്കുകയും ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മരുഭൂമി വെട്ടുക്കിളികളുടെ കൂട്ടത്തിനെതിരായ പോരാട്ടത്തിലുമാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ എന്ന് ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാട്ടി.
ഈ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള 10 വാഹനങ്ങള്‍ കാര്‍ഷിക പ്രകൃതി വിഭവ മന്ത്രാലയത്തിന് നല്‍കി.

'വെട്ടുക്കിളികളില്‍ നിന്നുള്ള വിനാശകരമായ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഈ വാഹനങ്ങള്‍ സഹായിക്കുന്നതിനു പുറമേ കോവിഡ് -19 രോഗത്തെ പ്രതിരോധിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിനും അവ ഉപയോഗപ്രദമാകും' - ഖാര്‍ത്തൂമില്‍ നിന്ന് യു എന്‍ പ്രതിനിധി ജെറമിയ മമാബോളോ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News