സ്‌പൈസ്‌ജെറ്റ് വിമാനം യാത്രക്കാരെ കയറ്റാതെ ദുബൈയില്‍ നിന്ന് തിരികെ പറന്നു; കാരണമിതാണ്

ദുബൈ വിമാനത്താവളത്തിലെത്തിയവര്‍ക്ക് ചെക്ക്ഇന്‍ ചെയ്യാന്‍ പോലും സാധിച്ചില്ല

Update:2024-08-31 18:04 IST

Image courtesy: x.com/flyspicejet

ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് വിമാനം കഴിഞ്ഞ ദിവസം യാത്രക്കാരെ കയറ്റാതെ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു പറന്നിരുന്നു. വിമാനത്തില്‍ കയറാനെത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര്‍ ചെക്ക് ഇന്‍ ചെയ്യാന്‍ പോലും സമ്മതിക്കാതിരുന്നതാണ് കാരണം. സ്‌പൈസ്‌ജെറ്റിലെ സാമ്പത്തിക പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ പറ്റാത്തതിലേക്ക് നയിച്ചത്.
ദുബൈ വിമാനത്താവളത്തിന് നല്‍കേണ്ട ഫീസ് കുടിശിക വരുത്തിയതാണ് സ്‌പൈസ്‌ജെറ്റിന് തിരിച്ചടിയായത്. കുടിശിക വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരുടെ ചെക്ക്ഇന്‍ നിരസിച്ചത്. യാത്ര മുടങ്ങിയവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ അവസരം നല്‍കിയെന്നും അല്ലാത്തവര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കിയെന്നുമാണ് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അവകാശപ്പെട്ടത്.

നിരന്തര സംഭവം

സ്‌പൈസ്‌ജെറ്റിന് ദുബൈ വിമാനത്താവളത്തില്‍ മുമ്പും സമാന പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. അന്നും ടിക്കറ്റ് റീഫണ്ട് ചെയ്താണ് പ്രതിസന്ധി മറികടന്നത്. ഈ മാസം ആദ്യം മുംബൈ വിമാനത്താവളത്തിലും സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കമ്പനി അടുത്തിടെ 150 ജീവനക്കാരെ ശമ്പളരഹിത ലീവിന് അയച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 1,400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതില്‍ കുറച്ചു പേലെ നിലനിര്‍ത്തിയെങ്കിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. അടുത്തിടെ പല സര്‍വീസുകളും റദ്ദാക്കപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്.
പ്രതിസന്ധി ഏതുവിധേനയും മറികടക്കാനുള്ള നീക്കത്തിലാണ് കമ്പനി. അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച ജീവനക്കാരെ പിരിച്ചു വിടില്ലെന്നും പ്രതിസന്ധി മാറുന്നതോടെ ഇവരെ തിരിച്ചുവിളിക്കുമെന്നുമാണ് അവകാശവാദം. എയര്‍പോര്‍ട്ട് ഫീസുകളില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്‌പൈസ് ജെറ്റിനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആകെയുള്ള സര്‍വീസുകളുടെ 42 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കമ്പനി നടത്തുന്നത്.
Tags:    

Similar News