തൊഴിലില്‍ 'ഞെട്ടിക്കാന്‍' ടാറ്റ ഗ്രൂപ്പിന്റെ വന്‍ പ്രഖ്യാപനം; വികസിത് ഭാരതിലേക്ക് ചന്ദ്രശേഖരന്റെ ഉറപ്പ്
അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ റെക്കോഡ് തൊഴിലുകള്‍ ടാറ്റയില്‍ നിന്നുണ്ടാകും
രാജ്യത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖഖരന്റെ ഉറപ്പ്. വൈദ്യുത വാഹനങ്ങള്‍, സെമി കണ്ടക്ടറുകള്‍, വൈദ്യുത വാഹന ബാറ്ററികള്‍ തുടങ്ങിയ മേഖലകളില്‍ വലിയ നിക്ഷേപം നടത്തുക വഴിയാണ് തൊഴിലവസരങ്ങള്‍ ഉണ്ടാകുകയെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദനം എന്നത് വലിയ അവസരങ്ങളുള്ള മേഖലയാണ്. ഉത്പാദന മേഖലയില്‍ പുതിയ തൊഴിലുകള്‍ കൂടുതലായി സൃഷ്ടിക്കപ്പെടാതെ രാജ്യത്തിന് 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം കൈവരിക്കാന്‍ പറ്റുന്ന അവസ്ഥയിലാണ് ഇന്ത്യ.
ഓരോ മാസവും ഏകദേശം പത്തുലക്ഷം യുവാക്കള്‍ രാജ്യത്തെ തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ത്യയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉത്പാദന രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഉത്പാദന മേഖലയെ അവഗണിച്ചു കൊണ്ട് മുന്നോട്ടുപോകുകയെന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റയുടെ പുതിയ പദ്ധതികള്‍
ടാറ്റ ഗ്രൂപ്പ് അസമില്‍ ആരംഭിക്കുന്ന പുതിയ സെമികണ്ടക്ടര്‍ പ്ലാന്റും വൈദ്യുത വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കുമായുള്ള നിര്‍മാണ യൂണിറ്റുകളുമായിരിക്കും കൂടുതല്‍ തൊഴില്‍ നല്‍കുക. ഈ പദ്ധതിക്കായി 25,000 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് നിക്ഷേപിച്ചിരിക്കുന്നത്. പ്രതിദിനം 48 ദശലക്ഷം ചിപ്പുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടാകും. ഈ പ്ലാന്റിനെ ചുറ്റിപ്പറ്റി ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ടാറ്റ ഇലക്ട്രോണിക്‌സ് 91,000 കോടി രൂപ മുതല്‍മുടക്കില്‍ ഗുജറാത്തിലെ ധോലേരയിലും ചിപ്പ് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് വേണ്ടിയുള്ള ഗ്രീന്‍ഫീല്‍ഡ് വാഹന നിര്‍മ്മാണ കേന്ദ്രത്തിനായി 9,000 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന് വാര്‍ഷികാടിസ്ഥാനത്തില്‍ 250,000 കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. ടാറ്റ ഗ്രൂപ്പിന്റെ ഈ നിക്ഷേപങ്ങളെല്ലാം രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഉപകരിക്കുമെന്നാണ് ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്.