വണ്ടര്‍ല പാദവാര്‍ഷിക ലാഭം 45 % ഉയര്‍ന്നു

Update: 2020-01-29 06:40 GMT

പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 45 ശതമാനം വര്‍ദ്ധനയോടെ 21.03 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 14.52 കോടി രൂപയായിരുന്നു.

നടപ്പുവര്‍ഷത്തെ ആദ്യ ഒമ്പത് മാസക്കാലത്ത് ലാഭം 48.43 കോടി രൂപയില്‍ നിന്ന് 31 ശതമാനം ഉയര്‍ന്ന് 63.22 കോടി രൂപയായി. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത്് കമ്പനിക്ക് നേട്ടമായി.

കഴിഞ്ഞ പാദത്തില്‍ 72.74 കോടി രൂപയും ഒമ്പതുമാസക്കാലത്തില്‍ 237.97 കോടി രൂപയുമാണ് വരുമാനം. മൂന്നാംപാദത്തില്‍ ഹൈദരാബാദ് പാര്‍ക്ക് ഒമ്പതു ശതമാനവും കൊച്ചി പാര്‍ക്ക് രണ്ടു ശതമാനവും വര്‍ദ്ധന സന്ദര്‍ശകരുടെ എണ്ണത്തില്‍ നേടി. എന്നാല്‍, ബംഗളൂരു പാര്‍ക്ക് 22 ശതമാനം കുറവ് രേഖപ്പെടുത്തി. വണ്ടര്‍ല റിസോര്‍ട്ടില്‍ ഇക്കാലയളവില്‍ 43 ശതമാനം മുറികള്‍ വിറ്റഴിക്കപ്പെട്ടു.

സമ്പദ്മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് ചുരുക്കുന്നത് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് വണ്ടര്‍ല ഹോളിഡേയ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. കമ്പനിയുടെ ചെന്നൈ, ഒഡീഷ പാര്‍ക്കുകളുടെ നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News