ജാക്ക് മായുടെ സ്വപ്‌നം തകര്‍ത്തത് ഷീ ജിന്‍പിംഗ് നേരിട്ട് ഇടപെട്ട്
ലോകത്തിലെ ഏറ്റവും വലിയ ഐപിഒ അവതരിപ്പിക്കാനുള്ള ആലിബാബ സ്ഥാപകന്‍ ജാക്ക് മായുടെ സ്വപ്‌നം തകര്‍ത്തത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ നേരിട്ടുള്ള ഇടപെടലാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍
ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മായുടെ മഹത്തായ സ്വപ്‌നം തകര്‍ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നേരിട്ട് ഇടപെട്ടുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിന്‍ടെക് രംഗത്തെ ആഗോള വമ്പനായ ആന്റ് ഗ്രൂപ്പിന്റെ 3700 കോടി ഡോളര്‍ മൂല്യം കല്‍പ്പിച്ചിരുന്ന ഇരട്ട ലിസ്റ്റിംഗ് നടപടികള്‍ ക്രമക്കേടുകള്‍ ആരോപിച്ച് ചൈനീസ് റെഗുലേറ്റര്‍ തടഞ്ഞിരുന്നു. ആന്റിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവേശനത്തെ കുറിച്ച് അന്വേഷിക്കാനും അതിന് തടയിടാനും ഷി ജിന്‍പിംഗ് നേരിട്ട് ഉത്തരവ് നല്‍കുകയായിരുന്നുവെന്നാണ് വ്യാഴാഴ്ച വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. ഇക്കാര്യത്തെ കുറിച്ച് അറിവുള്ള ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിനെ കുറിച്ചുള്ള പ്രതികരണം റോയിട്ടേഴ്‌സ് ആന്റ് ഗ്രൂപ്പിനോട് ആരാഞ്ഞെങ്കിലും അതിന് മറുപടി ലഭിച്ചിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് കോടീശ്വരനും ടെക് വമ്പനുമായ ജാക്ക് മാ, ചൈനയിലെ സാമ്പത്തിക, ബാങ്കിംഗ് രംഗത്തെ റെഗുലേറ്റര്‍മാരെയും പൊതുമേഖലാ ബാങ്കുകളെയും ഒരു പൊതുചടങ്ങില്‍ വെച്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചൈനയിലെ റെഗുലേറ്ററി ചട്ടങ്ങള്‍ പുതുമയേറിയ ആശയങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും വളര്‍ച്ച ത്വരിതപ്പെടണമെങ്കില്‍ പരിഷ്‌കരണം അനിവാര്യമാണെന്നും ഒക്ടോബര്‍ 24ന് നടന്ന ഒരു ഉച്ചകോടിയില്‍ ജാക്ക് മാ അഭിപ്രായപ്പെട്ടിരുന്നു. ജാക്ക് മായുടെ ഈ അഭിപ്രായ പ്രകടനം വന്നതിനുശേഷം ആന്റിനെതിരായ കാര്യങ്ങള്‍ റെഗുലേറ്റര്‍മാര്‍ സമാഹരിക്കുകയായിരുന്നു.
ഷീ ജിന്‍പിംഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനീസ് കോര്‍പ്പറേറ്റ് സാരഥിയായിരുന്നു ജാക്ക് മാ. പക്ഷേ ഭരണകൂടത്തിനെതിരായ വാക്കുകള്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചു. ചൈനീസ് ആസ്ഥാനമായുള്ള എല്ലാ വന്‍കിട ടെക് കമ്പനികള്‍ക്കും മൂക്കുകയറിടാനുള്ള നിയമനിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് ഷീ ജിന്‍പിംഗ് എന്നും രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നുണ്ട്.