നിര്‍ണായക വിജയം നേടി ഇസ്രയേല്‍, തോല്‍ക്കില്ലെന്ന് ഹമാസ്; വെടിനിറുത്തല്‍ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങള്‍
യഹിയ സിന്‍വാറിന്റെ മരണം പശ്ചിമേഷ്യയിലെ പ്രതിസന്ധിയില്‍ നിര്‍ണായകം
പുതുതായി സ്ഥാനമേറ്റെടുത്ത ഹമാസ് നേതാവ് നേതാവ് യഹിയ സിന്‍വാറിന്റെ മരണം പശ്ചിമേഷ്യയിലെ പ്രതിസന്ധിയില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് കരുതുന്ന സിന്‍വാറിന്റെ കൊലപാതകം ഇസ്രയേല്‍ നേടിയ വിജയമാണെന്ന് വിദഗ്ധര്‍ പറയുന്നു. നമ്പര്‍ വണ്‍ ശത്രുവിനെ കൊലപ്പെടുത്തിയതോടെ ഗസയിലും ലെബനനിലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രയേലിനോട് ലോക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എത്ര നേതാക്കളെ കൊലപ്പെടുത്തിയാലും തോല്‍പ്പിക്കാനാവില്ലെന്നും പോരാട്ടം തുടരുമെന്നുമാണ് ഹമാസിന്റെ ഔദ്യോഗിക പ്രതികരണം.
ഇറാനില്‍ വച്ച് വധിക്കപ്പെട്ട ഇസ്മയില്‍ ഹനിയ്യയ്ക്ക് പകരം ഹമാസിന്റെ നേതൃസ്ഥാനത്ത് എത്തിയ ആളാണ് യഹിയ സിന്‍വാര്‍. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പകരമായി സിന്‍വാറിനെ കൊലപ്പെടുത്തുമെന്ന് ആദ്യം മുതല്‍ തന്നെ ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. അംഗരക്ഷകര്‍ക്കൊപ്പം ഭൂഗര്‍ഭ അറകളിലാണ് സിന്‍വാര്‍ കഴിഞ്ഞിരുന്നത്. ബന്ദികളെ മനുഷ്യകവചമാക്കി സിന്‍വാര്‍ ഒളിച്ചുകഴിയുകയാണോ എന്നും ഇസ്രയേല്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ സിന്‍വാറിനെ കൊലപ്പെടുത്തിയ കെട്ടിടത്തില്‍ ബന്ദികളുണ്ടായിരുന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ പരിക്കേറ്റ നിലയില്‍ സിന്‍വാര്‍ ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.
തളരില്ലെന്ന് ഹമാസ്
എത്ര നേതാക്കളെ കൊലപ്പെടുത്തിയാലും ഹമാസിനെ തോല്‍പ്പിക്കാനാവില്ലെന്നാണ് ഫ്രഞ്ച് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹമാസ് നേതാവ് ബാസിം നയീം പറഞ്ഞത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജനങ്ങളുടെ സംഘടനയാണ് ഹമാസ്. ഞങ്ങളുടെ നേതാക്കളെ വധിച്ചാല്‍ പോരാട്ടം അവസാനിക്കുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. എന്നാല്‍ കൊല്ലപ്പെടുന്ന നേതാക്കള്‍ പുതുതലമുറയ്ക്ക് പ്രചോദനമാവുന്ന രീതിയില്‍ വളരുകയാണ് ചെയ്യുന്നതെന്നും ബാസിം പറയുന്നു. അതേസമയം, സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച ഹമാസ് നേതൃത്വം ഗസയിലെ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേല്‍ പിന്‍മാറുന്നത് വരെ ബന്ദികളെ വിട്ടുതരില്ലെന്ന് വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങള്‍
സിന്‍വാറിന്റെ മരണം ഗസയിലും ലെബനനിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അവസരമാണെന്നും വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ഗസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും ജര്‍മനി ആവശ്യപ്പെട്ടു. സന്ദര്‍ഭം മുതലാക്കി മേഖലയില്‍ വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരും സമാനമായ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതേ ആവശ്യവുമായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്, ഖത്തര്‍ പ്രധാനമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി തുടങ്ങിയവരുമായി ഫോണില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ട്.
അതിനിടെ സിന്‍വാറിന്റെ മരണത്തെ പ്രകീര്‍ത്തിച്ചും യുദ്ധം കടുപ്പിക്കുമെന്ന സൂചന നല്‍കിയും ഇറാനും ഹിസ്ബുള്ളയും രംഗത്തുവന്നു. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. ഇതിനിടയില്‍ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.