പുകഞ്ഞ് പുകഞ്ഞ് പുറത്ത്‌: അങ്കിതി ബോസ് സിലിങ്കോ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു

30 കാരിയായ അങ്കിതി ബോസ്, 2018 ഫോബ്‌സ് ഏഷ്യയുടെ അണ്ടര്‍ 30 പട്ടികയിലും 2019ല്‍ ബ്ലൂംബെര്‍ഗ് 50 യിലും ഫോര്‍ച്യൂണ്‍സ് അണ്ടര്‍ 40 യിലും ഉള്‍പ്പെട്ടിരുന്നു.

Update:2022-07-04 12:41 IST

ഫാഷന്‍ ടെക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സിലിങ്കോ (Zilingo) യുടെ സഹസ്ഥാപകയും മുന്‍ ചീഫ് എക്‌സിക്യൂട്ടിവുമായ അങ്കിതി ബോസ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. അതേസമയം, കമ്പനിയുടെ പ്രധാന ഓഹരി ഉടമയായി തുടരുമെന്ന് അങ്കിതി ബോസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അങ്കിതി ബോസ് തീരുമാനം അറിയിച്ചത്.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനത്ത് നിന്ന് ഇക്കഴിഞ്ഞ മേയില്‍ അങ്കിതി ബോസിനെ പുറത്താക്കിയിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്നാണ് താരപരിവേഷമുള്ള ഈ ഇന്ത്യക്കാരിക്ക് നടപടി നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് സിലിങ്കോയിലെ മറ്റ് ബോര്‍ഡംഗങ്ങളും ഓഹരിയുടമകളുമായി നിരന്തരം തര്‍ക്കമുണ്ടായി. തന്നില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്നാണ് രാജിക്ക് കാരണമായി അങ്കിതി ബോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
''തന്നെ സിഇഒ സ്ഥാനത്തു നിന്ന് നീക്കിയത് എങ്ങനെയാണെന്നും എന്ത് വിവരങ്ങള്‍ വെച്ചാണെന്നും, താന്‍ എന്തു തെറ്റാണ് ചെയ്തതെന്നും അതുസംബന്ധിച്ച് ഡിലോയ്റ്റും ക്ലോളും നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തരണമെന്നും നിരന്തരം ആവശ്യപ്പെട്ടെങ്കിലും സിലിങ്കോ ബോര്‍ഡ് അതിന് തയ്യാറായില്ല'', രാജിക്കുറിപ്പില്‍ അങ്കിതി ബോസ് പറഞ്ഞു.
30 കാരിയായ അങ്കിതി ബോസ്, 2018 ഫോബ്‌സ് ഏഷ്യയുടെ അണ്ടര്‍ 30 പട്ടികയിലും 2019ല്‍ ബ്ലൂംബെര്‍ഗ് 50 യിലും ഫോര്‍ച്യൂണ്‍സ് അണ്ടര്‍ 40 യിലും ഉള്‍പ്പെട്ടിരുന്നു.
സീനിയര്‍ എക്‌സിക്യൂട്ടിവുമാര്‍ക്ക് അറിയാതെ 7 മില്യണ്‍ ഡോളറിലധികം തുക വിവിധ സേവനദാതാക്കള്‍ക്ക് കൈമാറിയെന്നതാണ് അങ്കിതി ബോസിനെതിരെ ഉയര്‍ന്ന ആരോപണം. ക്ലോള്‍ ഐഎന്‍സിയുടെ ഈ കണ്ടെത്തലിനെ തുടര്‍ന്ന് അങ്കിതിയെ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് മാര്‍ച്ച് 31ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മെയ് 31ന് സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബോര്‍ഡുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു അങ്കിതി.
ധ്രുവ് കപൂറുമായി ചേര്‍ന്ന് 2015ലാണ് അങ്കിതി ബോസ് സിലിങ്കോ സ്ഥാപിച്ചത്. ചെറുകിട ടെക്‌സ്റ്റൈല്‍ വ്യാപാരികളെ സഹായിക്കാനായി സ്ഥാപിച്ച ടെക്‌നോളജി പ്ലാറ്റ്‌ഫോം, 2018ല്‍ ബിസിനസ് ടു ബിസിനസ് പ്ലാറ്റ്‌ഫോമാക്കി മാറ്റി. മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട്, നൈകാ തുടങ്ങി വമ്പന്‍ ഫാഷന്‍ റീട്ടെയ്ല്‍ കമ്പനികക്ക് പ്ലാറ്റ്‌ഫോം സേവനം നല്‍കുന്നത് സിലിങ്കോയാണ്.



Tags:    

Similar News

വിട, എം.ടി ...