ബെംഗളൂരുവിലെ 'കാരവന്‍ ടൂറിസം' പച്ച പിടിക്കുന്നു

Update: 2019-08-09 11:06 GMT

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് തുടക്കമിട്ട 'കാരവന്‍ ടൂറിസം' പുതിയ ബിസിനസ് ശാഖയായി വളരുന്നു. പ്രത്യേകമായി സജ്ജീകരിച്ച കാരവനുകളില്‍ കിടന്നുമിരുന്നും വീട്ടിലെന്നതുപോലെ വിവിധ സുഖസൗകര്യങ്ങളാസ്വദിച്ചുള്ള യാത്രയ്ക്ക് പ്രതീക്ഷിച്ച തോതില്‍ തന്നെ ഉപയോക്താക്കള്‍ എത്തുന്നുണ്ടെന്ന്് നടത്തിപ്പുകാര്‍ പറഞ്ഞു.

2018 ജനുവരിയില്‍ തുടക്കം കുറിച്ച സ്റ്റാര്‍ട്ടപ്പ് -ക്യാമ്പര്‍ ട്രെയില്‍സ് - കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വാണിജ്യപരമായി പ്രവര്‍ത്തനം വിപുലമാക്കി. കര്‍ണാടകത്തിലുടനീളമുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമായി സഹകരിക്കുന്നതിനുള്ള കരാറുകള്‍ ഒപ്പിട്ടുകഴിഞ്ഞതായി സ്ഥാപകന്‍ ആര്‍. ചന്ദ്രകാന്ത് പറഞ്ഞു.'റിസോര്‍ട്ടുകളിലേക്കും ഹോം സ്‌റ്റേകളിലേക്കും കാരവനിലെ യാത്രാസംഘത്തെ എത്തിക്കാന്‍ ഞങ്ങള്‍ ഒരു ഡ്രൈവറെയും സഹായിയെയും നല്‍കുന്നു.  റിസോര്‍ട്ടില്‍ പാര്‍ക്ക് ചെയ്യുന്ന കാരവനില്‍ സംഘാംഗങ്ങള്‍ക്ക് രാത്രി ഉറങ്ങാം. ആവശ്യമെങ്കില്‍ റിസോര്‍ട്ട് റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പുകയും അധിക മുറികള്‍ നല്‍കുകയും ചെയ്യുന്നു'

ലേ, ലഡാക്ക്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ ഒരു ട്രക്ക് പരിഷ്‌കരിച്ചെടുത്തതോടെയാണ് 'കാരവന്‍ ടൂറിസ' ത്തിന്റെ സാധ്യത ചന്ദ്രശേഖരന്റെ മനസിലേക്കു വന്നത്. ഒരു ടോയ്ലറ്റ്, ഷവര്‍ ടബ്, അടുക്കള, മൈക്രോവേവ് അടുപ്പ്, മിനി ഫ്രിഡ്ജ്, ടെലിവിഷന്‍ തുടങ്ങിയവയുള്ളതാണ് എയര്‍ കണ്ടീഷന്‍ ചെയ്ത 1.5 ടണ്‍ കാരവന്‍. അഞ്ച് കിടക്കകളുണ്ട്.

ഉപയോക്താക്കള്‍ക്ക് അവരുടെ കാറിനു പിന്നില്‍ 'ടോ ബാര്‍' ഘടിപ്പിച്ച് കാരവനെ വലിച്ചുകൊണ്ടു പോകാം. ക്യാമ്പ് പാര്‍ട്ടിക്കാവശ്യമായ  കസേരകള്‍, മീന്‍ പിടിക്കാന്‍ ചൂണ്ട, ബാര്‍ബിക്യൂ ഗ്രില്ലുകള്‍, കൂടാരമടിക്കാനുള്ള സാമഗ്രികള്‍, ഇന്‍ഡോര്‍ ഗെയിം വസ്തുക്കള്‍ എന്നിവയും നല്‍കുന്നു ആവശ്യാനുസരണം.

ചിക്മഗളൂര്‍, സക്ലേഷ്പൂര്‍, കൊടഗു, മംഗളൂരു, ബന്ദിപ്പൂര്‍,ഗോകര്‍ണ, ദൂധ്‌സാഗര്‍ എന്നിവിടങ്ങളില്‍ കാരവന്‍ ഇടയ്ക്കിടെ എത്തുന്നുണ്ടിപ്പോള്‍. കണ്ണൂരിലെ ഒരു റിസോര്‍ട്ടുമായും ധാരണയായിക്കഴിഞ്ഞു. അനുഭവസമ്പന്നമായ യാത്രയാണ് ക്യാമ്പര്‍ ട്രെയില്‍സിനെ പ്രിയങ്കരമാക്കുന്നതെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്യാമ്പര്‍ ട്രെയില്‍സ് 150 യാത്രകള്‍ സംഘടിപ്പിച്ചു.

Similar News