വൈറ്റ് കോളര്‍ അവസരങ്ങള്‍ കുറയുന്നോ? യുഎഇ തൊഴില്‍ മാര്‍ക്കറ്റിലെ ട്രെന്റുകള്‍ അറിയാം

ഗ്ലോബല്‍ ഹബ്ബുകള്‍ അവസരങ്ങളുടെ ഘടന മാറ്റുന്നു;

Update:2025-01-08 20:46 IST

നിര്‍മിത ബുദ്ധി ഉള്‍പ്പടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ തൊഴില്‍ വിപണിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വലുതാണ്. തൊഴില്‍ നിയമനങ്ങളില്‍ പരമ്പരാഗത രീതികളില്‍ നിന്ന് മാറി ചിന്തിക്കാന്‍ കമ്പനികളും നിര്‍ബന്ധിതരാകുന്നു. യു.എ.ഇയിലെ തൊഴില്‍ അവസരങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇപ്പോള്‍ വൈറ്റ് കോളര്‍ ജോലിക്കാര്‍ക്ക് അനുകൂലമല്ല എന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍. സാങ്കേതിക പിന്തുണ ആവശ്യമുള്ള ജോലികള്‍ മറ്റു രാജ്യങ്ങളിലേക്ക് പുനക്രമീകരിക്കുന്നതോടെ യു.എ.ഇയില്‍ ഇത്തരം തൊഴിലവസരങ്ങള്‍ കുറയുകയാണ്. അതേസമയം, മാര്‍ക്കിറ്റിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ ബ്ലൂ കോളര്‍ ജോലികള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നതാണ് എമിറേറ്റുകളിലെ ട്രെന്റ്. കഴിഞ്ഞ വര്‍ഷം വൈറ്റ് കോളര്‍ അവസരങ്ങളിലുണ്ടായ ഇടിവ് ഈ വര്‍ഷവും തുടരുമെന്നാണ് സര്‍വെകള്‍ കാണിക്കുന്നത്.

അവസരങ്ങള്‍ ഏതെല്ലാം മേഖലകളില്‍

കഴിഞ്ഞ വര്‍ഷം വൈറ്റ് കോളര്‍ ജോലികളില്‍ 21 ശതമാനത്തിന്റെ കുറവുണ്ടായതായാണ് എച്ച്.ആര്‍ കമ്പനിയായ ഇന്നവേഷന്‍സ് ഗ്രൂപ്പ് യു.എ.ഇ തൊഴില്‍ വിപണിയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ബ്ലുകോളര്‍ ജോലികളില്‍ 69 ശതമാനത്തിന്റെ വര്‍ധനയുമുണ്ടായി. പുതിയ വര്‍ഷത്തില്‍ എൻട്രി ലെവല്‍ പദവികളില്‍ കൂടുതല്‍ പേരെ  ആവശ്യമായി വരുമെന്ന് ഇന്നവേഷന്‍ ഗ്രൂപ്പ് ഡയരക്ടര്‍ നിഖില്‍ നന്ദ പറയുന്നു. ഫ്രണ്ട് ഓഫീസ്, റിസപ്ഷനിസ്റ്റ്, വെയര്‍ഹൗസ് ജീവനക്കാര്‍ തുടങ്ങിയവരുടെ ഒഴിവുകള്‍ വര്‍ധിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്‍സ്ട്രക്ഷന്‍, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ്, ഗ്രീന്‍ എനര്‍ജി മേഖലകളാണ് 2025 ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറക്കുകയെന്നാണ് സര്‍വെകളില്‍ നിന്നുള്ള വിലയിരുത്തല്‍. റിയല്‍ എസ്റ്റേറ്റ് മേഖല സജീവമാണ്. പഴയ കെട്ടിടങ്ങളുടെ നവീകരണം, പുതിയ കെട്ടിട പ്രൊജക്ടുകള്‍ എന്നിങ്ങിനെ ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ തൊഴിലാളികൾക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത് ഈ വര്‍ഷം ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ വളര്‍ച്ചക്ക് കാരണമാകും. മാര്‍ക്കറ്റിംഗ് രംഗത്താണ് കൂടുതല്‍ അവസരങ്ങള്‍ കണക്കാക്കുന്നത്. മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ അസ്ഥിരത മൂലം യു.എ.ഇ തുറമുഖങ്ങള്‍ വഴിയുള്ള കാര്‍ഗോ നീക്കത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് ലോജിസ്റ്റിക്‌സ് രംഗത്ത് കൂടുതല്‍ തൊഴിലാളികളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതായി നിഖില്‍ നന്ദ ചൂണ്ടിക്കാട്ടുന്നു. വൈദ്യുത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോല്‍സാഹനം വര്‍ധിപ്പിച്ചതാണ് ഈ മേഖലയില്‍ സാധ്യത വര്‍ധിപ്പിക്കുന്നത്.

വര്‍ധിക്കുന്ന ഗ്ലോബല്‍ ഹബ്ബുകള്‍

യു.എ.ഇയിലെ പല കമ്പനികളും ജോലികള്‍ രാജ്യത്തിന് പുറത്തുള്ള ഗ്ലോബല്‍ ഹബ്ബുകളിലേക്ക് മാറ്റുന്നത് നിയമനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് എച്ച്.ആര്‍ ഗവേഷണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചിലവുകള്‍ കുറഞ്ഞ രാജ്യങ്ങളിലേക്ക് ടെക് അധിഷ്ഠിത ജോലികള്‍ കേന്ദ്രീകരിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. അതേസമയം, എഐ ഉള്‍പ്പടെയുള്ള പുതിയ സങ്കേതങ്ങളില്‍ മികവുള്ളവര്‍ക്ക് യു.എ.ഇയില്‍ തന്നെ ഡിമാന്റുണ്ടെന്ന് ദുബൈയിലെ പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ മാര്‍ക്ക് എല്ലിസിന്റെ ജനറല്‍ മാനേജര്‍ അവസ് ഇസ്മായില്‍ പറയുന്നു. ബിസിനസുകളില്‍ ഓട്ടോമേഷന്‍ വ്യാപകമാകുന്നതിനാല്‍ സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ ജീവനക്കാര്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നതായി അവസ് ഇസ്മായില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News