2025 ല്‍ എച്ച്-1ബി വീസ പുതുക്കലിന് പുതിയ നടപടി, ഏറ്റവും കൂടുതൽ പ്രയോജനം ഇന്ത്യക്കാർക്ക്
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പൈലറ്റ് പ്രോജക്റ്റ് ഒരു വർഷം മുമ്പാണ് ആരംഭിച്ചത്;
യു.എസില്‍ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് യു.എസ് വിടാതെ തന്നെ അവരുടെ എച്ച്-1ബി വീസകൾ ഉടൻ പുതുക്കാൻ സാധിക്കും. യു.എസില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രയോജനകരമാണ് നടപടി.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഇതിനായുളള പൈലറ്റ് പ്രോജക്റ്റ് ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. പൈലറ്റ് പ്രോഗ്രാം വിജയകരമായിരുന്നു. എച്ച്-1ബി വീസകൾ പുതുക്കുന്നതിന് അപേക്ഷകൻ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രയോജനം.
കാലതാമസം ഒഴിവാക്കാം
എച്ച്-1ബി വീസ പ്രോഗ്രാമിന് കീഴിലുള്ള പ്രൊഫഷണലുകൾ ഉയർത്തിയ ദീർഘകാല ആവശ്യമായിരുന്നു ഇത്. സ്വന്തം രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനായി വിമാന ടിക്കറ്റുകൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നത് അടക്കമുളള കൂടാതെ, സ്ഥിരീകരിക്കപ്പെട്ട വീസ ലഭിക്കുന്നതിനായി അപേക്ഷകന്‍ പലപ്പോഴും നീണ്ട കാത്തിരിപ്പിന് വിധേയരാകേണ്ടി വരുന്നത് കാലതാമസത്തിനും ഇടയാക്കിയിരുന്നു. പുതിയ നടപടിക്രമം ഈ വർഷം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അസൗകര്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കുടിയേറ്റം തടയുന്നതിനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മറ്റ് പദ്ധതികൾക്കൊപ്പം എച്ച്-1ബി വീസ പ്രോഗ്രാം അവസാനിപ്പിക്കണമെന്നാണ് യു.എസിലെ കടുത്ത വലതുപക്ഷക്കാർ ആവശ്യപ്പെടുന്നത്. അമേരിക്കക്കാരുടെ ജോലികൾ എച്ച്-1ബി വീസക്കാര്‍ ഇല്ലാതാക്കുന്നുവെന്നാണ് ഇവര്‍ വാദിക്കുന്നത്.
എന്നാല്‍ ഡൊണാൾഡ് ട്രംപും വിവേക് രാമസ്വാമി ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥരും ഇലോൺ മസ്‌കും അമേരിക്കയ്ക്ക് കഴിവുള്ളവരെ ആവശ്യമുണ്ട് എന്ന് വ്യക്തമാക്കി എച്ച്-1ബി വീസ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
2023 ല്‍ പുറപ്പെടുവിച്ച 3,86,000 എച്ച്-1ബി വീസകളിൽ 72 ശതമാനവും ഇന്ത്യൻ പൗരന്മാർക്കാണ് ലഭിച്ചത്.