ബിസിനസ് തുടങ്ങണോ? ചൈല്‍ഡ് കെയര്‍ കിടിലന്‍ ബിസിനസ് അവസരം

Update: 2019-05-30 09:29 GMT

കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിഷ്ടമാണോ? എങ്കില്‍ ആ ഇഷ്ടം ഒരു ബിസിനസ് ആക്കിക്കോളൂ. ജോലി ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന ശിശുപരിപാലനം വന്‍ ബിസിനസ് അവസരമാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യയിലും ലോകം മുഴുവനും അതിവേഗം വളരുന്ന ബിസിനസ് അവസരമാണിത്.

''അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ചൈല്‍ഡ് കെയര്‍ ഇന്‍ഡസ്ട്രി ഭീമമായ തോതിലായിരിക്കും വളരുന്നത്. 2017-2022 വര്‍ഷത്തില്‍ ഈ മേഖല 23 ശതമാനം വളരും.'' TechSci റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് ഇതിന് കാരണം? വരുമാനത്തിനുള്ള വളര്‍ച്ച, ഇപ്പോഴത്തെ സമയമില്ലാത്ത ജോലി സാഹചര്യങ്ങള്‍, ജോലി ചെയ്യുന്ന മാതാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന, ശിശുപരിപാലനത്തിന്റെയും നേരത്തെയുള്ള വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം, അണുകുടുംബങ്ങള്‍ വര്‍ധിച്ചത്... തുടങ്ങിയ ഘടകങ്ങളാണ് ചൈല്‍ഡ് കെയര്‍ മേഖലയുടെ അതിവേഗവളര്‍ച്ചയുടെ കാരണങ്ങള്‍.

മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം പേരും കുഞ്ഞുങ്ങളെ ഡേകെയര്‍ സ്ഥാപനങ്ങളില്‍ ഏല്‍പ്പിക്കാനാണ് താല്‍പ്പര്യം കാണിക്കുന്നത്. അതുവഴി സുരക്ഷിതത്വം ഉറപ്പുവരുത്താനും ഒപ്പം കുട്ടിയുടെ മാനസികവികാസത്തിനും കളിയിലൂടെയുള്ള പഠനത്തിനും സാധിക്കുന്നു. പ്രീമിയം ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ കുട്ടികളുടെ വിഡിയോ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് തല്‍സമയം തങ്ങളുടെ ഫോണില്‍ കാണാനാകും.

ഈ മേഖലയില്‍ ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് രണ്ടു രീതിയില്‍ ബിസിനസ് തുടങ്ങാം. സ്വന്തം സ്ഥാപനമായും ഫ്രാഞ്ചൈസി സ്ഥാപനമായും. ഇന്ത്യന്‍ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന്റെ പിന്‍ബലമാണ് ഫ്രാഞ്ചൈസി ബിസിനസിന്റെ കരുത്ത്. ഇതിലൂടെ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാനാകും.

ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിന്റെ ലാഭത്തെ ബാധിക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ പരിഗണിക്കുക.

$ ഇത്തരമൊരു സംരംഭത്തിന് ഏറെ സാധ്യതകളുള്ള ലൊക്കേഷന്‍

$ പ്രവര്‍ത്തനച്ചെലവുകള്‍ (ജീവനക്കാരുടെ വേതനം, വാടക, മറ്റ് ചെലവുകള്‍)

$ ലീഗല്‍ ചെലവുകള്‍ (ലൈസന്‍സിംഗ് ഫീ പോലുള്ളവ)

$ പരസ്യത്തിനുള്ള ചെലവുകള്‍

ഇടത്തരം രീതിയിലുള്ള ഡേ കെയര്‍ സ്ഥാപനം തുടങ്ങുന്നതിന് 7-15 ലക്ഷം രൂപയാണ് ചെലവു വരുന്നത്. ഇതിന് 1500-2000 ചതുരശ്രയടിയുള്ള കെട്ടിടമാണ് ആവശ്യം. വീടിന്റെ ഭാഗമായും തുടങ്ങാം. എന്നാല്‍ ഫ്രാഞ്ചൈസി മോഡലില്‍ വിപുലമായ രീതിയില്‍ സംരംഭം തുടങ്ങുന്നതിന് 41-75 ലക്ഷം രൂപ വരെ ചെലവുവരും.

Similar News