ജര്‍മനി പൗരത്വ നിയമം ഉദാരമാക്കുന്നൂ; മലയാളികള്‍ക്ക് നേട്ടം
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന്
ജര്‍മനയിലെ പൗരത്വ നിയമങ്ങള്‍ മാറുന്നു. ഇനി വിദേശ പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മന്‍ പൗരത്വം ലഭിക്കും. രാജ്യത്തെ വിദഗ്ധതൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകാനുമാണ് പുതിയ മാറ്റം. നിയമത്തിന് ജര്‍മന്‍ മന്ത്രിസഭ അനുമതി നല്‍കിയെങ്കിലും പാര്‍ലമെന്റിലെ മറ്റ് സഭകള്‍ അംഗീകാരം നല്‍കേണ്ടതുണ്ട്.
മലയാളികളുള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനം. നിരവധി ചെറുപ്പക്കാരാണ് ഇന്ത്യയില്‍ നിന്ന് പഠനവാശ്യത്തിനും ജോലിക്കുമായി ജര്‍മനിയിലേക്ക് പോകുന്നത്.
നിയമം നടപ്പിലായാല്‍ ജര്‍മന്‍ പൗരത്വം ലഭിക്കാനുള്ള കാലാവധി എട്ട് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറയും. ജര്‍മന്‍ ഭാഷയുമായും സംസ്‌കാരവുമായും ഇണങ്ങിചേര്‍ന്നിട്ടുള്ള ആളുകള്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ പൗരത്വം നേടാനുമാകും. അഞ്ച് വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ജനനത്തോടെ ജര്‍മന്‍ പൗരത്വം ലഭിക്കും. നേരത്തെ ഇതും എട്ട് വര്‍ഷമായിരുന്നു. രാജ്യത്തിന്റെ സഹായം ഇല്ലാതെ തന്നെ ജീവിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുക.
ഇരട്ടപൗരത്വവും
അതേ പോലെ ഇരട്ട പൗരത്വം വഹിക്കുന്നതിനുള്ള നിയന്ത്രണങ്ങളും മാറ്റിയിട്ടുണ്ട്. ചില ഒഴിവാക്കലുകളുണ്ടെങ്കിലും നിലവില്‍ നിയമപരമായി യൂറോപ്യന്‍ യൂണിയനിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലേയും പൗരന്മാര്‍ക്കൊഴികെ മറ്റെല്ലാ വിദേശിയര്‍ക്കും ജര്‍മന്‍ പൗരത്വം ലഭിക്കണമെങ്കില്‍ സ്വന്തം രാജ്യത്തെ പൗരത്വം ഉപേക്ഷിക്കണമായിരുന്നു.
കേരളം മുന്നില്‍
കേരളത്തില്‍ നിന്ന് ജര്‍മനിയിലേക്ക് പഠന ആവശ്യത്തിനു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്ന് കോട്ടയം ആസ്ഥാനമായുള്ള യെസ് എബ്രോഡിന്റെ സാരഥി സോണി കുര്യന്‍ പറയുന്നു. കഴിഞ്ഞ തവണയേക്കാള്‍ അഞ്ചിരട്ടിയലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണത്തെ ബാച്ചിലുണ്ടായിരുന്നത്. ഓരോ തവണയിലും എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുമുണ്ട്.
ജര്‍മന്‍ പബ്ലിക് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സൗജന്യമായി പഠിക്കാമെന്നതാണ് കൂടുതല്‍ പേരെയും അങ്ങോട്ട് ആകര്‍ഷിക്കുന്നത്. നേരത്തെ യു.കെ യിലേക്കായിരുന്നു കൂടുതല്‍ പേര്‍ പോയിരുന്നത്. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ ഒപ്പം കൂട്ടുന്നതിന് യു.കെ വിലക്കേര്‍പ്പെടുത്തിയതും ജര്‍മനയിലേക്ക് ശ്രദ്ധതിരിക്കാന്‍ ഇടയാക്കി.കൂടാതെ, സാമ്പത്തികമായി മുന്നിലാണെന്നതും പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ ലഭിക്കുന്നുവെന്നതും ജര്‍മനിയെ ആകര്‍ഷകമാക്കുന്നു. വീസ നടപടികളും താരതമ്യേന ലളിതമാണെന്ന് സോണി പറയുന്നു. ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളില്‍ മുന്നില്‍ കേരളത്തില്‍ നിന്നുള്ളതാണ്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ്.
വിദഗ്ധ തൊഴിലാളികളില്ല
രാജ്യത്ത് വിദഗ്ധ തൊഴിലുകള്‍ ചെയ്യാന്‍ ആളുകള്‍ ഇല്ലാത്ത അവസ്ഥ വന്നതോടെയാണ് ജര്‍മനി നിയമങ്ങള്‍ ഉദാരമാക്കുന്നത്. ജര്‍മന്‍ ജനസംഖ്യയുടെ 14 ശതമാനത്തിനും, അതായത് 8.44 കോടി ജനങ്ങളില്‍ 1.2 കോടി ആളുകള്‍ക്കും ജര്‍മന്‍ പൗരത്വമില്ലെന്നും അവരില്‍ 53 ലക്ഷം പേരെങ്കിലും കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും ജര്‍മനയില്‍ താമസിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ വളരെ താഴെയാണ് ജര്‍മനിയിലെ നാച്വറലൈസേഷന്‍ നിരക്ക്. കഴിഞ്ഞ വര്‍ഷം 1,68,500 ആളുകള്‍ക്കാണ് ജര്‍മന്‍ പൗരത്വം നല്‍കിയത്. 2002നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്.