റെയില്‍വേയില്‍ 18,799 ജോലി ഒഴിവുകള്‍; വിശദാംശങ്ങള്‍ ഇങ്ങനെ
കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയില്‍ 726 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഇന്ത്യന്‍ റെയില്‍വേയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി). ഫെബ്രുവരിയില്‍ അപേക്ഷ സ്വീകരിച്ച ലോക്കോ പൈലറ്റുമാരുടെ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്.
ഫെബ്രുവരിയില്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയ സമയത്ത് 5,696 ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ബംഗാളിലെ ട്രെയിന്‍ അപകടത്തിനു പിന്നാലെ 13,000 പൂതിയ ഒഴിവുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയിട്ടുണ്ട്. അധിക ജോലിഭാരം മൂലമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന ആരോപണവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്തു വന്നിരുന്നു.
ദക്ഷിണ റെയില്‍വേയില്‍ 726 ഒഴിവ്
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്, 3,973. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയില്‍ 726 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയിലാണ് കുറവ് ഒഴിവുകളുള്ളത്, 143.
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തസ്തികകള്‍ നികത്തുന്നതിനായുള്ള നടപടികള്‍ ഫെബ്രുവരിയില്‍ തുടങ്ങിയിരുന്നു. ലക്ഷക്കണക്കിന് യുവാക്കളാണ് അപേക്ഷിച്ചിരിക്കുന്നത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാകും സി.ബി.ടി-1 പരീക്ഷ (കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്). പ്രായപരിധി 18-33 വയസായിരുന്നു. അടിസ്ഥാന ശമ്പളം 19,900 രൂപ.