പ്രവാസികള്‍ക്കുള്ള ബിസിനസ് അവസരങ്ങള്‍

Update: 2019-07-26 05:37 GMT

കേരളത്തില്‍ എന്ത് ചെയ്യാന്‍ പറ്റും? പല പ്രവാസി സംരംഭകരും ചോദിക്കുന്ന കാര്യമാണിത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

  • ഉത്തരേന്ത്യയിലും മറ്റും വലിയ വിപണിയുള്ള ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുത്. കാരണം അവയുടെ അസംസ്‌കൃത വസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരണം. ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയും വേണം. കടത്തുകൂലിയിനത്തില്‍ വന്‍ തുക ചെലവാകും. വിപണിയില്‍ മത്സരാധിഷ്ഠിത വിലയില്‍ ഉല്‍പ്പന്നം വില്‍ക്കാനും സാധിക്കില്ല.

  • ഉപഭോക്താക്കള്‍ നിരന്തരം ഇടപെടല്‍ ആവശ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ നിര്‍മിയ്ക്കുന്നത് ഉചിതമാകില്ല. കാരണം വലിയ കമ്പനികള്‍ അവരുടെ വെന്‍ഡര്‍ സമീപ പ്രദേശത്തു തന്നെ വേണമെന്നാഗ്രഹിക്കുന്നവരാണ്.

  • രാസവസ്തു നിര്‍മാണയൂണിറ്റുകള്‍ കേരളത്തില്‍ സ്ഥാപിക്കുന്നത് തെറ്റായ തീരുമാനമാകും. പരിസ്ഥിതി സൗഹൃദമായ കമ്പനികള്‍ക്കാണ് കേരളത്തില്‍ നിലനില്‍പ്പുണ്ടാവുക.

  • പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന നിര്‍മാണം കേരളത്തിന് അനുയോജ്യമാണ്. ആയുര്‍വേദ പശ്ചാത്തലത്തില്‍ വെളിച്ചെണ്ണ ഒരു അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നവയ്ക്ക് ഇവിടെ സാധ്യതയുണ്ട്.

  • പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയതെന്ന രീതിയില്‍ ബ്രാന്‍ഡിംഗ് നടത്തുക. അത് മാര്‍ക്കറ്റിംഗിന് ഏറെ സഹായകരമാകും.

  • മാനുഫാക്ചറിംഗ് മേഖലയെ കുറിച്ചുള്ള അവബോധം പൊതു സമൂഹത്തില്‍ വളര്‍ത്തുക. ചെറിയ ചെറിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ പോലും ഒരു കുടുംബം സുഖമായി കഴിഞ്ഞു പോകാന്‍ സാധിക്കും.

  • ചില ഉല്‍പ്പന്നങ്ങള്‍ക്ക് അതിവേഗം പ്രസക്തി നഷ്ടമാകില്ല. അത്തരത്തിലുള്ളവ തെരഞ്ഞെടുക്കുക.

  • ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണ മേഖലയ്ക്ക് സാധ്യതയുണ്ട്.

  • ലഘു എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ യൂണിറ്റുകളാകാം.

  • എന്‍ജിനീയറിംഗ്, വെല്‍ഡിംഗ്, ടൂള്‍ മേയ്ക്കിംഗ് എന്നീ മേഖലകളിലെ സാധ്യതകള്‍ കാണാതെയിരിക്കരുത്. ഈ മേഖലയിലെ പല ഉല്‍പ്പന്നങ്ങള്‍ക്കും അത്ര വേഗമൊന്നും പ്രസക്തി നഷ്ടമാകില്ല. വന്‍തോതില്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്യും.

Similar News