വന്‍ റിക്രൂട്ട്‌മെന്റ് വരുന്നു, തൊഴിലവസരങ്ങളുമായി ഏണ്‍സ്റ്റ് & യംഗ്, ഡെലോയ്റ്റ്, കെപിഎംജി

Update: 2019-10-02 02:55 GMT

ഓഡിറ്റിംഗ് കമ്പനികള്‍ തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള റിക്രൂട്ട്‌മെന്റ് മൂഡിലാണ്. ഈ അവസരം സ്വന്തമാക്കാന്‍ ഒരുങ്ങിക്കോളൂ. ഏറ്റവും വലിയ പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ ഏണ്‍സ്റ്റ് & യംഗ് 14,000 പേരെയാണ് ജോലിക്കെടുക്കുന്നത്. ഈ സാമ്പത്തികവര്‍ഷം തന്നെ റിക്രൂട്ട്‌മെന്റ് നടത്താനാണ് പദ്ധതി. ഇതേ മേഖലയിലുള്ള ഡെലോയ്റ്റും കെപിഎംജിയും പിന്നിലല്ല. ഡെലോയ്റ്റ് 40,000 പേരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുമ്പോള്‍ 8,000-9000 പേരെയാണ് കെപിഎംജി ജോലിക്കെടുക്കുന്നത്.

ഇന്ത്യയിലെ തങ്ങളുടെ ഗ്ലോബല്‍ ഡെലിവറി സര്‍വീസിലേക്കാണ് (ജിഡിഎസ്) ഏണ്‍സ്റ്റ് & യംഗ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതുവഴി തങ്ങളുടെ സാങ്കേതികവിദ്യ, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിലവില്‍ 27,000 പേരാണ് കമ്പനിയുടെ ജിഡിഎസ് സെന്ററുകളില്‍ ജോലി ചെയ്യുന്നത്.

ഇവരുടെ മുഖ്യ എതിരാളികളായ ഡെലോയ്റ്റും കെപിഎംജിയും അങ്കത്തിന് തന്നെയാണ് തയാറെടുക്കുന്നത്. തങ്ങളുടെ ഇന്ത്യന്‍ ടീം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വന്‍ റിക്രൂട്ട്‌മെന്റിനാണ് ഇവര്‍ ഒരുങ്ങുന്നത്. ഡെലോയ്റ്റിന്റെ ഹൈദരാബാദ് ഓഫീസില്‍ ഇപ്പോള്‍ 40,000 പേരാണ് ജോലി ചെയ്യുന്നത്. സമീപഭാവിയില്‍ 40,000 പേരെക്കൂടി ജോലിക്കെടുത്ത് ആളുകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. 

Similar News