കഴുതപ്പാലിനു പ്രോല്‍സാഹനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

Update:2019-12-20 15:49 IST

കഴുതപ്പാലിന്റെ മേന്മയും വിപണി സാധ്യതയും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.രാജ്യത്ത് കഴുതപ്പാല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍  ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സമിതിയോട് (ഐസിഎആര്‍) ആവശ്യപ്പെട്ടു കഴിഞ്ഞു മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം.

പശുവിന്‍ പാലിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ സി മാത്രമല്ല കാസിന്‍, ലാക്ടോസ്, വിറ്റാമിന്‍ എ, ബി 1, ബി 2, ബി 6, ഡി , ഇ തുടങ്ങി മനുഷ്യന്റെ ആരോഗ്യത്തിനു സഹായകമായ ഒട്ടേറെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഴുതപ്പാലിന് അയിത്തം കല്‍പ്പിക്കുന്ന പ്രവണതയ്ക്കു ന്യായീകരണമില്ലെന്ന അഭിപ്രായം ശക്തമാണ്.ചില വന്‍ കമ്പനികള്‍ തന്നെ കഴുതപ്പാലിന്റെ വാണിജ്യ സാധ്യത മുതലാക്കാന്‍ കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു.

ആന്റി ഓക്സിഡന്റ് ഉള്‍ക്കൊള്ളുന്നതുകൊണ്ട്  സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് കഴുതപ്പാലെങ്കിലും ലഭ്യത വേണ്ടത്രയില്ല. വിപണികളില്‍ ഏറെ ഡിമാന്‍ഡുള്ള സ്്കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍, സോപ്പുകള്‍, ക്രീമുകള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, മോയ്സ്ചുറൈസറുകള്‍ എന്നിവ കഴുതയുടെ പാല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചുവരുന്നു. കഴുതപ്പാല്‍ സൗന്ദര്യവര്‍ധക വസ്തു എന്ന നിലയില്‍ പണ്ടുമുതലേ ഉപയോഗിച്ച് വരുന്നുണ്ട്.

കട്ടിയുള്ള മാംസ്യം അടങ്ങിയിട്ടില്ലെന്നതിനാലും കൊഴുപ്പ് വളരെ കുറച്ച് മാത്രമേയുള്ളൂവെന്നതിനാലും വളരെ പെട്ടെന്ന് ദഹിക്കുമെന്നത് കഴുതപ്പാലിന്റെ വലിയ പ്രത്യേകതയാണ്.കാല്‍ഷ്യം, മഗ്‌നീഷ്യം, സോഡിയം, ഇരുമ്പ് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്ക് കഴുതപ്പാല്‍ ഉപയോഗിക്കാം.തെക്ക് കിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ മേഖലയില്‍ ഈ പാലില്‍ നിന്നു വന്‍തോതില്‍ ചീസ് നിര്‍മിക്കുന്നുണ്ട്.

പ്രായത്തെ തോല്‍പ്പിച്ച് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കഴുതപ്പാലില്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒരു കഴുതയില്‍ നിന്ന് ഒരു ദിവസം 200 മുതല്‍ 250 മി.ലിറ്റര്‍ പാലാണ് ലഭിക്കുന്നത്.ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവനവും നിര്‍ത്തിയത് കഴുതപ്പാലില്‍ കുളിച്ചായിരുന്നുവെന്ന പ്രചാരണം പണ്ടുമുതലേയുണ്ട്.

ഒട്ടകത്തിന്റെ പാലും വ്യാവസായികമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്.  ഒട്ടകപ്പാല്‍ വിപണനം നടത്താന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഒരുങ്ങിക്കഴിഞ്ഞു. അമൂല്‍ കമ്പനി ഈ അടുത്ത കാലത്ത് ഒട്ടകപ്പാല്‍ വിപണിയിലിറക്കി. 500 മി.ലി പാലിനു വില 50 രൂപ.പശുവിന്‍പാലിനേക്കാള്‍ ഉപ്പുരസം കൂടുതലാണെങ്കിലും ഒട്ടകപ്പാല്‍ ഉപയോഗിച്ച് ഐസ്‌ക്രീമും ഉണ്ടാക്കുന്നു.പശു, എരുമ, ആട് എന്നിവയുടെ പാലിന് പകരം മറ്റുള്ള മൃഗങ്ങളുടെ പാല്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അവയെ സംരക്ഷിക്കാനും  അത്തരം മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിലനിര്‍ത്താനും കഴിയുമെന്ന ആശയവും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.

ലോകമെമ്പാടുമായി 44 ദശലക്ഷത്തിലധികം കഴുതകളുണ്ടെന്നാണു കണക്ക്. അവഗണനയ്ക്കും ദുരുപയോഗത്തിനും വിധേയമാകാനാണ് ഇവയില്‍ ഭൂരിഭാഗത്തിന്റേയും വിധി. അമിതമായി പണിയെടുത്ത് ഇവ ക്‌ളേശം സഹിച്ചു ചാകുകയാണു പതിവ്.കഴുതകളുടെ ഉടമകള്‍ക്കു  വിദ്യാഭ്യാസത്തിന്റെ അഭാവം മുലം വളര്‍ത്തു മൃഗങ്ങളെ എങ്ങനെ നന്നായി പരിപാലിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണയില്ലായ്മയാലാണ്  ഇത് സംഭവിക്കുന്നത്.

ബുദ്ധി കുറഞ്ഞ ജീവിയാണ് കഴുതയെന്ന ധാരണ തള്ളിക്കളയേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു.താരതമ്യേന ബുദ്ധി കൂടിയ മൃഗമാണിതെന്നതാണ് വസ്തുത.ചുമടെടുക്കാനാണ് ഇവയെ വ്യാപകമായി ഉപയോഗിക്കുന്നത്. കഴുത പ്രസവിക്കണമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കണം. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു മാസം നിര്‍ബന്ധമായും പാല്‍ നല്‍കിയിരിക്കണം.പച്ചപ്പുല്ല്, ഗോതമ്പ്തവിട്, ചോളത്തിന്റെ തവിട്, അരിയുടെ തവിട് എന്നിവ ചേര്‍ന്ന സമീകൃതാഹാരമാണ് കഴുതയുടെ ഭക്ഷണം.

കഴുതകളുടെ എണ്ണം ലോകവ്യാപകമായി കുറഞ്ഞുവരികയാണത്രേ. ഇന്ത്യയില്‍ നടത്തിയ കഴുതകളുടെ സെന്‍സസ് പ്രകാരം രാജസ്ഥാനിലെ കഴുതകളുടെ ജനസംഖ്യ 81,000 ല്‍ നിന്ന് 23,000 ആയി കുറഞ്ഞു.അവിടത്തെ ബാര്‍മര്‍, ജയ്‌സാല്‍മര്‍, ബിക്കാനീര്‍, ചുരു, ടോങ്ക് ജില്ലകളിലാണ് രാജ്യത്ത് ഏറ്റവുമധികം കഴുതകളുള്ളത്.

കഴിഞ്ഞ സെന്‍സസിലെ 29,000 നെ അപേക്ഷിച്ച് 18,000 കഴുതകള്‍ മാത്രമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഉള്ളത്. 'കടുവയെ സംരക്ഷിക്കുക'  മാതൃകയില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇതിനകം 'കഴുതയെ സംരക്ഷിക്കുക' പരിപാടി ആരംഭിച്ചിട്ടുണ്ട്.ഇന്ത്യയിലെ മൊത്തം കഴുതകളുടെ എണ്ണം ഇപ്പോള്‍ ഏഴ് വര്‍ഷം മുമ്പുള്ള 3,20,000 ല്‍ നിന്ന് 1,20,000 ആയി കുറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News