സെബി വിളിക്കുന്നു, മാസം 70,000 രൂപ ശമ്പളം: ഈ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം

സെബി ബോര്‍ഡിനെ സഹായിക്കലാണ് ജോലി

Update:2024-08-12 18:52 IST

Image courtesy: sebi/canva

രാജ്യത്തെ ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യിലേക്ക് യംഗ് പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെബി ബോര്‍ഡിനെ സെക്യുരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ രംഗങ്ങളില്‍ സഹായിക്കാന്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. ഇതാദ്യമായാണ് സെബിയില്‍ താത്കാലിക ജോലിക്കാരെ നിയമിക്കുന്നത്. 50 പേര്‍ക്ക് അവസരമുണ്ട്.
മുംബൈയിലാണ് ജോലി. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 70,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കും. എന്നാല്‍ ഇവര്‍ക്ക് സെബിയുടെ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കില്ല. വിഷയങ്ങളിലുള്ള പ്രാഗത്ഭ്യം പരിഗണിച്ച് യംഗ് പ്രഫഷണലുകളെ രഹസ്യാത്മകമല്ലാത്ത ജോലികളിലായിരിക്കും നിയമിക്കുക. സെബിയില്‍ ജോലി ചെയ്യുന്ന കാലത്ത് മറ്റ് ജോലികള്‍ ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
മാനേജ്‌മെന്റ് വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ്, അമേരിക്കയിലെ സി.എഫ്.എ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഓഹരി വിപണിയില്‍ ഒരുതരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്താനോ ഓഹരി വിപണിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനോ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
Tags:    

Similar News