കനേഡിയന്‍ കുടിയേറ്റ സ്വപ്‌നങ്ങള്‍ക്ക് അവസാനം? നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ട്രൂഡോ

കാനഡയില്‍ 14 ലക്ഷത്തിലധികം പേര്‍ തൊഴില്‍രഹിതര്‍, കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം വരും

Update:2024-08-27 11:53 IST

Image : Canva

വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നതാണ് തീരുമാനം.
കനേഡിയന്‍ പൗരന്മാര്‍ ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതുകൊണ്ട് വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്-ട്രൂഡോ വ്യക്തമാക്കി. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കാഡനയുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ വര്‍ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമായിരുന്നു.
തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കില്‍
കുടിയേറ്റ അനുകൂല നയമായിരുന്നു ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്നിരുന്നത്. എന്നാല്‍ ഭവന ലഭ്യത കുറഞ്ഞതിനൊപ്പം തൊഴിലില്ലായ്മ കൂടി ഉയര്‍ന്നതോടെയാണ് നയംമാറ്റാന്‍ ട്രൂഡോ നിര്‍ബന്ധിതനായത്. കാനഡയില്‍ കഴിഞ്ഞ രണ്ടു മാസത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലധികം പേര്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് യോഗ്യതയുള്ള കനേഡിയന്‍ പൗരന്മാരുടെ ലഭ്യതക്കുറവുണ്ടെങ്കില്‍ വിദേശീയരെ കൊണ്ടുവരുന്നതില്‍ തടസമില്ല. താല്‍ക്കാലിക തൊഴിലാളികളായി മുമ്പ് മൊത്തം തൊഴിലാളികളുടെ 20 ശതമാനം വരെ കൊണ്ടുവരാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ മാറ്റം മൂലം ഇത് 10 ശതമാനമായി കുറയും.
2023ല്‍ 1,83,820 വിദേശ തൊഴിലാളികള്‍ക്കാണ് കാനഡ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. 2019ലേക്കാള്‍ 88 ശതമാനം കൂടുതലാണിത്. വിദേശ തൊഴിലാളികളുടെ വരവില്‍ നയംമാറുന്നതോടെ പല മേഖലകളിലും പെര്‍മിറ്റ് നിഷേധിക്കാനുള്ള സാഹചര്യം തെളിയും.
ആരോഗ്യം, കൃഷി, നിര്‍മാണമേഖല അടക്കമുള്ള രംഗങ്ങളില്‍ നിയന്ത്രണം ബാധകമല്ല. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തില്‍ കൂടുതലുള്ള മേഖലകളും വിദേശ തൊഴിലാളികള്‍ക്കായി തുറന്നു കൊടുക്കില്ല. സെപ്റ്റംബര്‍ 26 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
Tags:    

Similar News