ഔട്ട്‌ഡോര്‍ പരസ്യമേഖല മാറുന്നു, പുതിയ അവസരങ്ങള്‍ ഒരുങ്ങുന്നു

Update: 2019-10-07 09:00 GMT

പ്രദീപ് മേനോന്‍ എം
സഹസ്ഥാപകന്‍, ബ്ലാക്ക്‌സ്വാന്‍ (ഇന്ത്യ),
ഐഡിയേഷന്‍സ്, പ്രൈവറ്റ് ലിമിറ്റഡ്

നാം അടുത്തു ചെല്ലുമ്പോള്‍ ഹോര്‍ഡിംഗിലെ പരസ്യം മാറുന്നു. നമ്മുടെ ഇഷ്ടമനുസരിച്ചുള്ളവ അതില്‍ തെളിയുന്നു. ഓരോ വ്യക്തിയും കണക്റ്റഡ് ആയ ഇക്കാലത്ത് ഔട്ട്‌ഡോര്‍ പരസ്യമേഖല സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങള്‍ക്കാണ്. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചതിലൂടെ ഈ മേഖലയില്‍ വലിയൊരു കീഴ്‌മേല്‍ മറിക്കലിന് കളമൊരുങ്ങിക്കഴിഞ്ഞു. സംരംഭകര്‍ക്ക് ഇത് വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങള്‍ കൂടിയാണ് ഒരുക്കുന്നത്.

രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ് ഹൈവേകളില്‍ സ്ഥാപിച്ച കൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കണ്ട് നാം അതിശയിച്ചു നിന്നിട്ടുണ്ട്. അന്ന് ആര്‍ട്ടിസ്റ്റുകള്‍ പെയ്ന്റ് ചെയ്താണ് അവ സൃഷ്ടിച്ചിരുന്നത്. പെട്ടെന്നൊരുദിനം ഫ്‌ളെക്‌സ് പ്രിന്റിംഗ് സാങ്കേതികവിദ്യ കടന്നുവന്നു. അന്നത്തെ ആ ആര്‍ട്ടിസ്റ്റുകള്‍ പിന്നീട് എങ്ങനെ ജീവിച്ചു എന്ന് ആരും അന്വേഷിച്ചിട്ടില്ല. ഡിസ്‌റപ്ഷന്‍ അങ്ങനെയാണ് വരുന്നത്. നിലവിലുള്ള സാങ്കേതികവിദ്യയെ തൂത്തെറിഞ്ഞ് അത് വളരെ പുതിയൊരു ടെക്‌നോളജിയുമായി വരും. ഇപ്പോള്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം വന്നു. അങ്ങനെ നിലവിലുള്ള സാങ്കേതികവിദ്യയ്ക്ക് എന്നന്നേക്കുമായി വിട പറയേണ്ട അവസ്ഥയുണ്ടായി.

കേരളത്തില്‍ നിരോധനം വന്നതോടെ വലിയൊരു മാറ്റത്തിനാണ് ഈ മേഖല ഒരുങ്ങുന്നത്. വിനായകന്‍ അഭിനയിച്ച പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയുടെ പരസ്യങ്ങള്‍ക്ക് തുണികൊണ്ടുള്ള ഹോര്‍ഡിംഗുകളാണ് ഉപയോഗിച്ചത്. പരിസ്ഥിതി സൗഹൃദമാകുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉദ്യമം ഈ രംഗത്തെ മാറ്റത്തിന് മുന്നോടിയാണ്.

ഡിജിറ്റല്‍ ആകും

വരാനിരിക്കുന്ന കാലം ഔട്ട്‌ഡോര്‍ പരസ്യമഖല ഡിജിറ്റല്‍ വാള്‍ എന്ന ആശയത്തിലേക്കാണ് നീങ്ങുന്നത്. വിദേശത്തെ നിരത്തുകളില്‍ സഞ്ചരിച്ചാല്‍ അറിയാനാകും, അവരൊക്കെ ഈ രംഗത്ത് എത്രയേറെ മാറിയെന്ന്. വഴിയോരങ്ങള്‍, ബസ് വെയ്റ്റിംഗ് ഷെല്‍റ്ററുകള്‍ തുടങ്ങി ഡിജിറ്റല്‍ പരസ്യങ്ങളാണ് എല്ലായിടത്തും.

ഇവിടെയും ഇപ്പോള്‍ പരമ്പരാഗത ഹോര്‍ഡിംഗുകള്‍ ഉള്ളയിടത്തെല്ലാം ഡിജിറ്റല്‍ പരസ്യങ്ങള്‍ സ്ഥാനം പിടിക്കും. മാളുകളിലെയും മറ്റും സ്‌ക്രീനുകളില്‍ നാം അടുത്തുചെല്ലുമ്പോള്‍ നമുക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളുടെ പെഴ്‌സണലൈസ്ഡ് പരസ്യങ്ങള്‍ വരും. ഫോള്‍ഡബിള്‍ സ്‌ക്രീനുകളുടെ സഹായത്തോടെ ഓട്ടോറിക്ഷ, ബസ് തുടങ്ങിയ വാഹനങ്ങളുടെ ബോഡിയില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. ഒറ്റ സ്‌ക്രീന്‍ സ്ഥാപിച്ചാല്‍ മാറ്റിമാറ്റി പല പരസ്യങ്ങളും കാണിക്കാമെന്നതുകൊണ്ട് പരസ്യം ചെയ്യുന്നതിനുള്ള ചെലവ് കുറയും. പരസ്യദാതാക്കള്‍ക്ക് ഒറ്റ ഇമേജിന് പകരം മൂവീ പരസ്യങ്ങള്‍ കാണിക്കാം.

പുതിയ അവസരങ്ങള്‍ക്കൊപ്പം നീങ്ങുകയാണ് ഈ സാഹചര്യത്തില്‍ സംരംഭകര്‍ ചെയ്യേണ്ടത്. ഔട്ട്‌ഡോര്‍ പരസ്യമേഖലയില്‍ പരിസ്ഥിതി സൗഹൃദമായ പുതിയ ട്രെന്‍ഡുകള്‍ വരുമ്പോള്‍ അതില്‍ പുതിയ അവസരങ്ങളുമുണ്ട്. അത് നിങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക.

Similar News