മാലിന്യം പണമാക്കുന്ന വിദ്യ നമുക്കുമാകാം

Update: 2019-09-21 05:38 GMT

നഗരമാലിന്യമെന്ന പ്രശ്‌നത്തെ, 'ഉപകാരപ്രദമായ ഉര്‍വ്വശീശാപ'മാക്കിയിരിക്കുന്നത് കാണണമെങ്കില്‍ മോഷിയിലേക്ക് വരൂ. പൂനെയുടെ പ്രാന്തപ്രദേശമായ മോഷിയില്‍ പ്രതിദിനം 750 ടണ്‍ നഗരമാലിന്യമെത്തുന്നു. ഇതില്‍ നിന്നുമുല്‍പ്പാദിപ്പിക്കുന്ന സിറ്റി കമ്പോസ്റ്റ് വളം വാങ്ങാന്‍ കര്‍ഷകരും നഗരവാസികളും പല സംഘടനാ പ്രവര്‍ത്തകരും ക്യൂ നില്‍ക്കുന്നു. വില പരമാവധി കിലോഗ്രാമിന് നാല് രൂപയായി കോര്‍പ്പറേഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 50 ടണ്‍ വളം പിംപ്രി കോര്‍പ്പറേഷന്‍ സ്വന്തം പൂന്തോട്ടങ്ങളെ പരിപാലിക്കാനായി

വാങ്ങുന്നു. ഇത് നടത്തുന്ന കരാറുകാര്‍ സ്വന്തം തോട്ടങ്ങളിലേക്കും വളം കൊണ്ടുപോകുന്നു.

താമസിയാതെ, വില ഇനിയും കുറയ്ക്കാനാകും. കാരണം സിറ്റികമ്പോസ്റ്റിനെ പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഉടന്‍ നടപ്പിലാകും. ടണ്ണിന് 1500 രൂപയുടെ സഹായമാണിതുവഴി കിട്ടുക. ഇതു പ്രയോജനപ്പെടുത്തി പൂനെയില്‍ പല പ്രദേശങ്ങളിലും സിറ്റി കമ്പോസ്റ്റ് പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പല സാമൂഹ്യസംഘടനകളും ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വളം സൗജന്യമായി നല്‍കാനും ഉദ്ദേശ്യമുണ്ട്.

കമ്പോസ്റ്റ് നിര്‍മാണം വളരെ ചെലവ് കുറഞ്ഞ ഒരു സ്വാഭാവിക പ്രക്രിയയാണ്. വേര്‍തിരിച്ചെടുത്ത 10 ടണ്‍ ജൈവമാലിന്യത്തില്‍ നിന്ന് ഒരു ടണ്‍ കമ്പോസ്റ്റ് ലഭിക്കും. മണ്ണിനെ ദുഷിപ്പിക്കാത്ത ഗുണമേന്മയേറിയ വളമാണിത്. രാസവള നിര്‍മാണകമ്പനികളുടെ വിപണന ശൃംഖലയിലൂടെ ഇത് എല്ലാ ഗ്രമങ്ങളിലുമെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അനുകരിക്കാം, ഈ മാതൃകകള്‍നഗരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ ഉപദ്രവകാരിയായ മിതേന്‍ വാതകം വന്‍ തോതില്‍ പുറത്തുവിടുന്നു. കാര്‍ബണ്‍ഡയോക്‌സൈഡിനേക്കാള്‍ ഇരുപതിരട്ടി ഉപദ്രവകാരിയാണ് ഈ ഹരിതഗൃഹവാതകം. മാലിന്യക്കൂമ്പാരങ്ങള്‍ സമീപപ്രദശങ്ങളിലെ കിണര്‍വെള്ളവും മലിനമാക്കുന്നു. ദുര്‍ഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും വേറെ. തന്മൂലം സഹികെടുന്ന പൊതുജനസമരകോലാഹലങ്ങളാണ് അനന്തരഫലം. അതുകൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്നത് അന്തിമ യാഥാര്‍ത്ഥ്യം.

പൂനെ, പിംപ്രി (Pimpri) നഗരങ്ങളില്‍ സിറ്റി കമ്പോസ്റ്റ് നിര്‍മാണത്തെ പ്രോല്‍സാഹിപ്പിക്കാന്‍ പല പദ്ധതികളുമുണ്ട്, കഴിഞ്ഞ 15 വര്‍ഷക്കാലം സിറ്റി കമ്പോസ്റ്റ് സംവിധാനമുള്ള ഹൗസിംഗ് സൊസൈറ്റികള്‍ക്കു മാത്രമേ കോര്‍പ്പറേഷന്‍ അനുമതി നല്‍കാറുള്ളൂ. അത്തരം സൊസൈറ്റികള്‍ക്ക് അഞ്ച് ശതമാനം നികുതിയിളവും ലഭിക്കും. പലയിടത്തും ഇത്തരം കമ്പോസ്റ്റ് സ്വന്തം പൂന്തോട്ടങ്ങളിലും റൂഫ്-ടോപ്അ ടുക്കളത്തോട്ടങ്ങളിലും ഉപയോഗിക്കുന്നു. ഇതൊന്നും ചെയ്യാതെ നിയമം പാലിക്കാന്‍ മാത്രം കുഴിച്ച കമ്പോസ്റ്റ് കുഴികളും ധാരാളം.

നഗരമാലിന്യം മുഴുവന്‍ ശേഖരിച്ച് വാഹനങ്ങളിലൂടെ നഗരമാകെ നഗരി കാണിക്കുന്ന സമ്പ്രദായം അനാരോഗ്യകരവും ചെലവേറിയതുമാണ്. കഴിയുന്നതും ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിച്ചാല്‍ കാര്യമായ പരിസ്ഥിതി പ്രശ്‌നം അതാര്‍ക്കുമുണ്ടാക്കില്ല. വികേന്ദ്രീകൃത മാലിന്യസംസ്‌കരണമാണ് ഇപ്പോള്‍ ലോകമെമ്പാടും പിന്തുടരാന്‍ ശ്രമിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ മാലിന്യം ഒട്ടുമുക്കാലും സ്വന്തം വാഴയുടെയും തെങ്ങിന്റെയും ചുവട്ടില്‍ വളമായിട്ടു കൊടുക്കുകയാണല്ലോ ചെയ്യുന്നത്. പകരം, അത് വഴിവക്കിലേക്കും അയല്‍ക്കാരന്റെ മുറ്റത്തേക്കും വലിച്ചെറിയുന്നതാണിന്നത്തെ പ്രശ്‌നം.

കൂടുതല്‍ ലളിതവും ചെലവു കുറഞ്ഞതുമായ സിറ്റി കമ്പോസ്റ്റ് നിര്‍മാണ രീതികള്‍ക്കുവേണ്ടി ധാരാളം പഠനങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. നമുക്ക് ഒന്നുകില്‍ അതെല്ലാം പഠിക്കാം. തീരുമാനങ്ങളെടുക്കാം, നടപ്പിലാക്കാം, അല്ലെങ്കില്‍ പ്രതിഷേധ സമരങ്ങളും പാനല്‍ ചര്‍ച്ചകളും ഹര്‍ത്താലും നടത്തി നശിക്കാം. നമ്മള്‍ വിവേകമുള്ളവരല്ലേ? മോഷിയിലെ മാതൃക നമുക്കുമാകാം, അല്ലേ?

ലേഖകന്‍ - വര്‍ക്കി പട്ടിമറ്റം (www.pattimattom.8m.com ) {ഫെബ്രുവരി 2016 ല്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനം. }

Similar News