കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായനിരക്ക് ഏകദേശം 50 ബേസിസ് പോയിന്റ് വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 140 ബേസിസ് പോയിന്റും. ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകര്‍ക്ക് ആശ്വസിക്കാൻ വക നൽകുന്നതാണ് ഈ വാർത്ത.
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ബോണ്ടുകളുടെ ആദായ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ബോണ്ട് ആദായം ഉയരുന്നതിനനുസരിച്ച് ഇവയുടെ പലിശനിരക്ക് ഉയരും. ഏപ്രിൽ-ജൂൺ പാദത്തിൽ നിരക്കിന് മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ബോണ്ട് ആദായം ഉയർന്നുകൊണ്ടിരിക്കുകയാണെങ്കിൽ അടുത്ത പാദത്തിൽ പലിശ നിരക്കുയരാൻ സാധ്യതയേറെയാണ്. ശ്യാമള ഗോപിനാഥ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം 2011ലാണ് സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായ നിരക്കുമായി ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ബന്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ബാങ്കുകള്‍ വായ്പാ പലിശയും നിക്ഷേപ പലിശയും കുറച്ചതിനാലാണ് ലഘുസമ്പാദ്യ പദ്ധതികളിലെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്കീം, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, മന്ത്‌ലി ഇൻകം സ്കീം എന്നിവ ചില പ്രധാന ചെറു നിക്ഷേപ പദ്ധതികളാണ്.
പി.പി.എഫ്. പദ്ധതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.6 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തെ ദേശീയ സമ്പാദ്യ പദ്ധതിയിലും 7.6 ശതമാനം തന്നെയാണ് പലിശ. 118 മാസംകൊണ്ട് പൂര്‍ത്തിയാകുന്ന കിസാന്‍ വികാസ് പത്രയിലെ നിക്ഷേപത്തിന് 7.3 ശതമാനമായിരിക്കും പലിശ.
പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി പദ്ധതിയിലെ നിക്ഷേപത്തിന് 8.1 ശതമാനം പലിശ തുടരും. അഞ്ച് വര്‍ഷത്തെ റെക്കറിങ് ഡെപ്പോസിറ്റിൻറെ പലിശ 6.9 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള അഞ്ചുവര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് പദ്ധതിക്ക് 8.3 ശതമാനം പലിശയാണ് ലഭിക്കുന്നത്.