പണത്തിന് മുട്ടുണ്ടോ? നിക്ഷേപങ്ങളില്‍ നിന്ന് വായ്പ നേടാം

Update: 2020-05-11 08:09 GMT

കൊറോണ വൈറസ് പരത്തിയ പകര്‍ച്ച വ്യാധി ലോക സാമ്പത്തിക മേഖലയെകായെ ഉലച്ചപ്പോള്‍ പലരുടെയും വരുമാനം തന്നെയാണ് നിലച്ചു പോയത്. സര്‍ക്കാരും റിസര്‍വ് ബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും, പണമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളിലേക്ക് സഹായ പ്രവര്‍ത്തനങ്ങളുമായി എത്തുന്നുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് തിരിച്ചടവില്ലാതെ നിശ്ചിത തുക പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം അതിലൊന്നാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാകട്ടെ ടേം വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഡ്യൂസിനും മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. നിലവില്‍ വായ്പയുള്ളവരോ ശമ്പള-പെന്‍ഷന്‍ അക്കൗണ്ടുകളോ ഉള്ള ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ അനുവദിച്ച് ബാങ്കുകളും ഒപ്പം നിന്നു. 7.2 മുതല്‍ 10.5 ശതമാനം വരെയാണ് ഇതിന് പലിശ ഈടാക്കുന്നത്. 9 മുതല്‍ 24 ശതമാനം വരെ പലിശ ഉണ്ടായിരുന്ന സാഹചര്യത്തിലാണിത്.

ഇതൊന്നും മതിയാകാത്ത സാഹചര്യമാണെങ്കില്‍ മറ്റു ചില സാധ്യതകളും മുന്നിലുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍, മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ എക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പണമാക്കി മാറ്റിയോ നിക്ഷേപങ്ങളിന്മേല്‍ വായ്പ നേടിയോ പണക്ഷാമം നേരിടാനുള്ള വഴികള്‍ തുറന്നിട്ടുണ്ട്.

ഇപിഎഫ്ഒയില്‍ നിന്ന് പിന്‍വലിക്കാം

ശമ്പളക്കാരനായ വ്യക്തിക്ക് ഇപിഎഫിലെ ആകെ നിക്ഷേപത്തിന്റെ 75 ശതമാനമോ മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ഡിയര്‍നെസ് അലവന്‍സും ചേര്‍ന്ന തുകയോ ഏതാണോ കുറവ് അത് പിന്‍വലിക്കാനാകും. ആകെ നിക്ഷേപം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തൊഴിലാളിയുടെയും തൊഴിലുമടയുടെയും വിഹിതവും അതിനുള്ള പലിശയും ഉള്‍പ്പെടുന്ന തുകയാണ്. ഇതിനായി അക്കൗണ്ട് ഉടമയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാകും. ഇപിഎഫ്ഒ പോര്‍ട്ടലില്‍ ഫോം 31,19,10 സി, 10 ഡി ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മതി. കൂടെ അക്കൗണ്ട് ഉടമയുടെ പേര് രേഖപ്പെടുത്തിയ ചെക്ക് ലീഫോ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജോ അല്ലെങ്കില്‍ എക്കൗണ്ട് നമ്പറും ഐഎഫ്എസ് സി അടക്കമുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റോ അപ് ലോഡ് ചെയ്യാനും മറക്കരുത്. മൂന്നു ദിവസത്തിനുള്ളില്‍ പണം നിങ്ങളുടെ അക്കൗണ്ടിലെത്തും.

പിപിഎഫ് എക്കൗണ്ടില്‍ നിന്ന് വായ്പ

ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് നിക്ഷേപമുള്ള ആര്‍ക്കും വായ്പ നേടാനാകും.
പിപിഎഫ് നിക്ഷേപം തുടങ്ങി ഒരു വര്‍ഷം പിന്നിട്ട് അഞ്ചു വര്‍ഷം വരെയുള്ളതിന് അപേക്ഷിക്കാനാകും. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷം എത്ര തുകയാണോ അക്കൗണ്ടില്‍ നിക്ഷേപമായുള്ളത്, അതിന്റെ 25 ശതമാനം മാത്രമാണ് വായ്പയായി അനുവദിക്കുക.
എന്നാല്‍ മുമ്പ് എടുത്തിരിക്കുന്ന വായ്പ പൂര്‍ണമായും തിരിച്ചടച്ചിട്ടില്ലെങ്കില്‍ പുതിയ വായ്പ ലഭിക്കില്ല. വായ്പാ തുക 36 മാസങ്ങള്‍ കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. തിരിച്ചടവ് ഒറ്റയടിക്കോ തവണകളായോ നടത്താം. വായ്പാ തുക തിരിച്ചടവിന് ശേഷം തവണകളായി അടച്ചാല്‍ മതി. ഒരു ശതമാനം വാര്‍ഷിക പലിശയാണ് ഇതിന് ഈടാക്കുക. എന്നാല്‍ 36 മാസങ്ങള്‍ക്ക് ശേഷം വായ്പ പൂര്‍ണമായും തിരിച്ചടക്കാനായില്ലെങ്കില്‍ പലിശ ആറു ശതമാനമായി ഉയരും.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിന്മേല്‍ വായ്പ

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിന്മേല്‍ ബാങ്കുകള്‍ വായ്പ നല്‍കാറുണ്ട്. എന്‍ഡോവ്‌മെന്റ്, മണിബാക്ക് പ്ലാനുകള്‍, യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയ പരമ്പരാഗത പോളിസികള്‍ക്ക് പോലും ഇത് ലഭ്യമാകും. എന്നാല്‍ ടേം പ്ലാനുകളിന്മേല്‍ വായ്പ ലഭിക്കില്ല. ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ പ്രീമിയം അടച്ചിരിക്കുന്ന പോളിസികളില്‍ സറണ്ടര്‍ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിക്കുക. സാധാരണ പോളിസികളില്‍ സറണ്ടര്‍ വാല്യുവിന്റെ 80 ശതമാനം വരെ വായ്പയായി ലഭിക്കും. എന്നാല്‍ ലിങ്ക്ഡ് പ്ലാനുകളില്‍ ഫണ്ട് വാല്യുവിന്റെ അടിസ്ഥാനത്തിലാകും തുക നിശ്ചയിക്കുക. പോളിസി കാലയവളില്‍ തന്നെ വായ്പ തിരിച്ചടക്കേണ്ടതുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News