യു.പി.ഐയിലൂടെ പണം അയയ്ക്കാന്‍ ശബ്ദ സന്ദേശം; എങ്ങനെയാണ് പ്രവര്‍ത്തിക്കുക?
ഗൂഗ്ള്‍ പേയും ഫോണ്‍ പേയും അടക്കമുള്ള ഓണ്‍ലൈന്‍ പണമയയ്ക്കല്‍ സംവിധാനങ്ങളില്‍ ഉടനെത്തും
'വോയ്‌സ് കമാന്‍ഡ്' അഥവാ ശബ്ദ സന്ദേശങ്ങളും കോളുകളും വഴി ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്തുന്നതിന് എന്‍.പി.സി.ഐ മുന്നോട്ട് വച്ച സംവിധാനമാണ് 'ഹലോ യു.പി.ഐ'. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഈ സൗകര്യമുള്ളത്. വൈകാതെ പ്രാദേശിക ഭാഷകളിലും ഈ സേവനം ആരംഭിക്കാനാണ് എന്‍.പി.സി.ഐ ലക്ഷ്യമിട്ടിരിക്കുന്നത്.
വോയ്‌സ് കമാന്‍ഡോ വോയ്‌സ് കോളോ നല്‍കുമ്പോള്‍ അത് എഴുത്തായി പരിണമിക്കുകയും യാതൊന്നും ടൈപ്പു ചെയ്യാതെ തന്നെ പണമയയ്ക്കാന്‍ കഴിയുകയും ചെയ്യും എന്നതാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നിക് എന്ന് ലളിതമായി പറയാം.
കൂടുതല്‍ ഉപയോക്താക്കളിലേക്കെത്തും
പുതിയ വോയ്സ് കമാന്‍ഡ് അധിഷ്ഠിത ഫീച്ചര്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും ഡിജിറ്റല്‍ പണമിടപാടില്‍ അത്ര പരിചയമില്ലാത്ത വ്യക്തികള്‍ക്കും മാതൃഭാഷ മാത്രം പരിചയമുള്ള വ്യക്തികള്‍ക്കും ഏറെ പ്രയോജനപ്പെടും.
ഉപയോക്താക്കള്‍ക്ക് പണം കൈമാറാന്‍ അവരവരുടെ ഭാഷയില്‍ വോയ്സ് കമാന്‍ഡുകളും ഇടപാട് പൂര്‍ത്തിയാക്കാന്‍ യു.പി.ഐ പിന്‍ നല്‍കിയാലും മതിയാകും.
ഐ.ഐ.ടി മദ്രാസിലെ ഭാഷിണി പ്രോഗ്രാമായ AI4ഭാരതുമായി സഹകരിച്ചാണ് എന്‍.പി.സി.ഐ പുതിയ സൗകര്യം വികസിപ്പിച്ചെടുത്തിട്ടുള്ളത്
എങ്ങനെയാണ് യു.പി.ഐ വോയ്‌സ് കമാന്‍ഡ് പ്രവര്‍ത്തിക്കുന്നത്?
1) ശബ്ദ സന്ദേശം (voice command)അനലോഗില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
2) വോയ്സ് ഇന്‍പുട്ട് ടെക്സ്റ്റിലേക്ക് പരിവര്‍ത്തനം(convert) ചെയ്തു
3) സംഭാഷണത്തിലെ ഉള്ളടക്കം (content)തിരിച്ചറിഞ്ഞ് അക്കൗണ്ടിലേക്ക് സന്ദേശം പരിവര്‍ത്തനം ചെയ്യുന്നു
4) ശരിയായ നിര്‍ദേശമാണോ എന്ന് പുനഃപരിശോധന നടത്തുന്നു (validating)
5) ഉപയോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഇടപാട് പൂര്‍ത്തിയാകുമ്പോള്‍, തിരികെ ഒരു ശബ്ദ സന്ദേശം (voice output)ഉപയോക്താക്കളുമായി യു.പി.ഐ ആപ്പ് പങ്കിടും