ഓണ്‍ലൈന്‍ വായ്പകള്‍ എടുക്കുംമുമ്പ് പരിശോധിക്കണം ഈ ചെക്ക്‌ലിസ്റ്റ്!

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് പിന്നാലെ ഓടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യത കൂടുതലാണ്

Update:2022-09-18 18:00 IST

വായ്പ ആവശ്യമുള്ളപ്പോള്‍ പല ബാങ്കുകളെയും സമീപിച്ച് മടുക്കാറുണ്ട് പലപ്പോഴും. എന്നാല്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ പലതും പെട്ടെന്ന് ലോണുകള്‍ പാസ്സാക്കുന്നു. വ്യാജന്മാര്‍ ഉണ്ടെങ്കിലും ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പല ആപ്പുകളും

ആവശ്യക്കാര്‍ക്ക് എമര്‍ജന്‍സി ഫണ്ടു നല്‍കുന്നത് പോലെ എളുപ്പത്തില്‍ ലോണ്‍ പാസ്സാക്കുന്നു. എന്നാല്‍ നിബന്ധനകള്‍ കൃത്യമായി വായിച്ചുമനസ്സിലാക്കുകയും പാലിക്കുകയും ചെയ്തില്ലെങ്കില്‍ മാലാഖമാരായി അവതരിക്കുന്ന ലോണ്‍ ആപ്പുകള്‍ ചെകുത്താന്മാരാകുന്നത് നിങ്ങള്‍ പോലുമറിയില്ല. എങ്ങനെയാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതെ ഇരിക്കുക. ഇതിന് അപേക്ഷകന്‍ തന്നെ ഒരു ചെക്ക്‌ലിസ്റ്റ് ഉണ്ടാക്കിവയ്ക്കണം.
സുരക്ഷിതമായ ആപ്പ് മാത്രം
കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതായതുമായ ആപ്പുകള്‍ വേണം വായ്പകള്‍ക്കായി തെരഞ്ഞെടുക്കാന്‍. വായ്പാ ആപ്പുകള്‍ക്ക് പിന്തുണ നല്‍കുന്ന ധനകാര്യസ്ഥാപനം ഏതെന്ന് തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
കണക്കിലെടുക്കണം, പലിശ നിരക്ക്
വായ്പകള്‍ എടുക്കുന്നവര്‍ക്ക് നിരക്കുകള്‍ താരതമ്യം ചെയ്ത് നോക്കണം. വായ്പ തിരിച്ചടച്ചിട്ടും ഓണ്‍ലൈന്‍ ലോണുകാരുടെ ഉപദ്രവം തുടരുന്നതും വായ്പയെടുത്ത തുകയുടെ പല മടങ്ങ് അടച്ചിട്ടും വായ്പ തീരാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കേട്ടിട്ടുണ്ടാകാം. ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ ഈടാക്കുന്ന കൊള്ളപ്പലിശയെ പറ്റി മനസിലാകുന്നത് ഈ അനുഭവത്തില്‍ നിന്നാണ്. വായ്പാ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്നുള്ള പീഡിനം പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡിജിറ്റല്‍ വായ്പ നല്‍കുന്നവര്‍ 50-60 ശതമാനം പലിശ ചോദിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാത്തരം ഇടപാടുകളുടെയും ഉടമ്പടികളുടെയും കോപ്പി സൂക്ഷിക്കുക. പലിശ വിവരം നല്‍കിയിട്ടുള്ള സ്‌ക്രീന്‍ കോപ്പി പ്രിന്റ് എടുത്തോ സ്‌ക്രീന്‍ ഷോട്ട് എടുത്ത് മെയ്‌ലില്‍ അറ്റാച്ച് ചെയ്‌തോ സൂക്ഷിക്കുക.
ചാര്‍ജുകള്‍ വായിക്കുക, ചിലത് ഒഴിവാക്കാം
വായ്പയെടുക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന സമയത്തല്ല പ്രോസസിംഗ് ആകുമ്പോള്‍ വിവിധ ചാര്‍ജുകള്‍ ആപ്പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കു. ഇവ നോക്കി ഓകെ പറയുമ്പോഴാണ് ഒരു ലോണ്‍ പ്രോസസ് പൂര്‍ണണാകുക. എന്നാല്‍ പ്രോസസിംഗ് ചാര്‍ജ്, ജിഎസ്്ടി, ഏതെങ്കിലും ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് എന്നിവയൊക്കെ ചാര്‍ജ് വിഭാഗത്തില്‍ നല്‍കിയിട്ടുണ്ടാവും.
അത് മാത്രമല്ല, ആപ്ലിക്കേഷന്‍ ഫീസ്, പ്രൊസസിംഗ് ചാര്‍ജ്, വൈകിയാവുള്ള പിഴ, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിങ്ങനെ പലിശ കൂടാതെ വിവിധ ചാര്‍ജുകളുണ്ടാകാം. വായ്പ എടുക്കുന്നതിന് മുന്‍പ് ഈടാക്കുന്ന ചാര്‍ജുകളെ പറ്റി കൃത്യമായി വായിച്ച് മനസിലാക്കണം.
ലുക്ക് അപ്പ് പിരീഡ് പരിശോധന
ഇന്‍ഷുറന്‍സുകളിലുള്ളത് പോലെ ഡിജിറ്റല്‍ വായ്പകളിലും സൗജന്യ ലുക്ക് അപ്പ് പിരിയഡുണ്ട്. ഉപഭോക്താക്കള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളല്‍ വായ്പയില്‍ നിന്ന് ഒഴിവാകാനുള്ള സാവകാശം നല്‍കുന്നുണ്ട്. വായ്പയെടുക്കുന്നവര്‍ക്ക് വായ്പയിലുള്ള പലിശ റദ്ദാക്കാനും ഇതുവഴി സാധിക്കും. പല ഡിജിറ്റല്‍ പണമിടപാടുകാരും വായ്പക്കാരില്‍ നിന്ന് ലുക്ക്-അപ്പ് കാലയളവിലും പണം ഈടാക്കുന്നുണ്ട്. ഇതിനാല്‍ ആപ്പുകള്‍ ഉപയോഗിച്ച് പണം കടം വാങ്ങുമ്പോഴും വായ്പാ അപേക്ഷകള്‍ പിന്‍വലിക്കുമ്പോഴും കടം വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശമുണ്ട്.
ഗാലറി ക്ലിയര്‍ ആക്കുക
ഓണ്‍ലൈന്‍ വഴിയാണ് രേഖകള്‍ സമര്‍പ്പിക്കുക എന്നതിനാല്‍ രേഖകളുടെ പകര്‍പ്പിനായി ഫോണ്‍ ഗാലറിയിലേക്ക് പല ആപ്പുകളും ആക്‌സസ് (അനുമതി) ആവശ്യപ്പെടും. ഈ അവസരത്തില്‍ സ്വകാര്യത കൈവിട്ടുപോകാതിരിക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് രേഖകള്‍ മെയ്ല്‍ ചെയ്ത് നല്‍കാന്‍ സൗകര്യമുണ്ടോ എന്നു നോക്കുക. ഇല്ല എങ്കില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രധാനപ്പെട്ട രേഖകളും സൂക്ഷിക്കാതിരിക്കുക.
ആവശ്യമായ വിവരങ്ങള്‍ മാത്രം നല്‍കുക
വായ്പ ആവശ്യത്തിനായുള്ള വിവരങ്ങള്‍ മാത്രമെ ഫോണില്‍ നിന്ന് പങ്കിടാന്‍ പാടുള്ളൂ. സമ്മതമില്ലാതെ വായ്പ അനുവദിക്കുന്നത് തടയാന്‍ അനാവശ്യ കോളുകള്‍ ഒഴിവാക്കണം. ആര്‍ബിഐ പുതിയ നിയമ പ്രകാരം കടം വാങ്ങുന്നവര്‍ക്ക് വായ്പകള്‍ക്ക് സമ്മതം നല്‍കാനുള്ള അവകാശംകൊണ്ടു വന്നിട്ടുണ്ട്. ഇത് ഓര്‍ത്തുവയ്ക്കുക.
ആവശ്യമുള്ളതിന് മാത്രം വായ്പയെടുക്കുക
ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാനും മറ്റ് കടങ്ങള്‍ വീട്ടാനും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവുണ്ടാകും. ജീവിത ചെലവുകള്‍ക്കുള്ള ഇത്തരം ചെലവുകള്‍ പലപ്പോഴും മനസ് വെച്ചാല്‍ ഒഴിവാക്കുന്നാണ്. ആവശ്യങ്ങള്‍ക്ക് മാത്രം തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന തുക മാത്രം വായ്പ എടുക്കാന്‍ ശ്രദ്ധിക്കണം. പരമാവധി ഓണ്‍ലൈന്‍ വായ്പകളിലേക്ക് പോകാതെ ഇരിക്കുക.


Tags:    

Similar News