കോവിഡ് കാലത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ഇപ്പോള്‍ തെരഞ്ഞെടുക്കാവുന്ന 6 തരം ലോണുകള്‍

Update: 2020-06-10 07:45 GMT

കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ പലര്‍ക്കും തൊഴില്‍ നഷ്ടമായി. സംരംഭകര്‍ക്ക് ബിസിനസില്ലാതെ കയ്യില്‍ പണമില്ലാത്ത അവസ്ഥയായി. പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ജോലിയുള്ളവര്‍ക്കു പോലും ചെലവുകള്‍ കഴിച്ചുകൂട്ടാനുള്ള സാമ്പത്തിക അടിത്തറ പോലും ഇല്ലാത്ത അവസ്ഥയാകുന്നു. കാര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു വരാന്‍ ഇനിയും നാളുകളെടുത്തേക്കാം. എന്നാല്‍ അതു വരെ എങ്ങനെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. അധിക തലവേദനയില്ലാത്ത ചെറിയ വായ്പകള്‍ ഇതിനു നിങ്ങളെ സഹായിക്കും. കരുതല്‍ ധനം കയ്യിലുള്ളവര്‍ വായ്പയെടുക്കാത്തത് തന്നെയാണ് നല്ലത്. എങ്കിലും വായ്പകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അുയോജ്യമായ ആറു തരം ലോണുകളാണ് ഇവിടെ പറയുന്നത്. മിതമായ പലിശ നിരക്കില്‍, കൂടുതല്‍ തവണകളില്‍ ലഭിക്കുന്ന വായ്പകളൊക്കെ അധിക ബാധ്യതയാകാതെ തന്നെ തിരിച്ചടയ്ക്കാനാകുമെന്നതിനാല്‍ ശ്രദ്ധയോടെ അവനവന്റെ വരുമാനവും തിരിച്ചടയ്ക്കാനുള്ള കഴിവും കണക്കിലെടുത്ത് കൊണ്ട് തെരഞ്ഞെടുക്കണം.

ഗോള്‍ഡ് ലോണ്‍

സ്വര്‍ണപ്പണയ വായ്പയാണ് ഇന്‍സ്റ്റന്റ് ലോണുകളില്‍ ഏറ്റവും ആകര്‍ഷകം. കയ്യിലുള്ള സ്വര്‍ണത്തിന്റെ ഈടിന്മേല്‍ വിവധ ബാങ്കുകളെ സമീപിച്ചാല്‍ കാര്‍ഷിക വായ്പയടക്കമുള്ള മികച്ച സ്‌കീമുകളില്‍ ലോണുകള്‍ ലഭ്യമാണ്. ഈട് വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ ലോണ്‍ തുക ലഭിക്കും. 9.10 % പലിശയാണ് സാധാരണ ഇവയ്ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്.

വസ്തുവിന്മേലുള്ള വായ്പ

വീട്, സ്ഥലം തുടങ്ങിയവ ബാങ്കില്‍ ഈടായി നല്‍കിയാണ് സാധാരണ ഈ വായ്പ സ്വന്തമാക്കുന്നത്. മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാകുമ്പോള്‍ ഗാര്‍ഹിക, വായ്വസായിക വസ്തുവിന്റെ രേഖകള്‍ (വീടോ സ്ഥാപനമോ) നല്‍കി Loan Against Property (LAP) സ്വന്തമാക്കാം. എളുപ്പത്തില്‍ അധിക തലവേദനയില്ലാതെ ഈ വായ്പ ലഭിക്കാന്‍ നേരത്തെ പണയപ്പെടുത്തിയിട്ടില്ലാത്ത പ്രോപ്പര്‍ട്ടിയുടെ രേഖകള്‍ വേണം സമര്‍പ്പിക്കാന്‍. 8.95 % പലിശ നിരക്കാണ് സാധാരണ ബാങ്കുകള്‍ വസ്തുവിന്മേലുള്ള ഈടിലുള്ള വായ്പകള്‍ക്ക് ചുമത്തുക. ഇത് വ്യത്യാസപ്പെട്ടേക്കാം. 20 വര്‍ഷത്തെ കാലാവധി വരെ തിരിച്ചടവിനു ലഭിക്കാം. വസ്തുവിന്റെ മൂല്യം ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി എന്നിവ അനുസരിച്ചാണ് വായ്പാ തുക നിശ്ചയിക്കുക.

ഡിജിറ്റല്‍ ടോപ് അപ് ഹോം ലോണ്‍

നിലിവലുള്ള ഈടിന്മേല്‍ കൂടുതല്‍ വായ്പാ തുക ലഭ്യമാക്കുന്ന ഇവ അതേ പലിശ നിരക്കില്‍ കൂടുതല്‍ കാലാവധിയില്‍ കൂടുതല്‍ വായ്പാ തുക ലഭ്യമാക്കും. നിലവില്‍ നിങ്ങള്‍ എടുത്തിട്ടുള്ള ഹോം ലോണിന് ഇപ്പോഴത്തെ മൂല്യമനുസരിച്ച് കൃത്യമായി തിരിച്ചടയ്ക്കുന്ന ഉപഭോക്താവിന് ബാങ്കുകള്‍ ലഭ്യമാക്കുന്ന ലോണാണിത്.

ക്രെഡിറ്റ് കാര്‍ഡിനു മേല്‍ വായ്പ

നിലവില്‍ വിവധ ബാങ്കുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ള ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്മേല്‍ വായ്പ ലഭ്യമാക്കിയിട്ടുണ്ട് ബാങ്കുകള്‍. ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരും കൃത്യമായി തിരിച്ചടവ് നടത്തുന്നവരുമെല്ലാം ഈ വായ്പയ്ക്ക് യോഗ്യരാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് അടവ് മുടക്കം വരുത്തുമ്പോള്‍ 36-40 ശതമാനം വരെ പലിശ ഈടാക്കുമെന്നത് പോലെ തന്നെ വായ്പാ പലിശ നിരക്കും വളരെ കൂടുതലാണ് ഈ വായ്പയ്ക്ക്. അതിനാല്‍ പരമാവധി ഈ വായ്പ എടുക്കാതിരിക്കുക. അഥവാ അത്യാവശ്യമെങ്കില്‍ ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ളവര്‍ക്ക് ചെറിയ തുകകള്‍ ക്രെഡിറ്റ് കാര്‍ഡ് ഈടിന്മേല്‍ വായ്പയെടുക്കുന്നതാണ് നല്ലത്. നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയയുണ്ടെങ്കില്‍
പലിശ കുറഞ്ഞ ഈ വായ്പയെടുത്ത് ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടയ്ക്കാവുന്നതാണ്.

കോവിഡ് വായ്പകള്‍

കൃത്യമായ തിരിച്ചടവു ചരിത്രമുള്ള, ഭവന വായ്പ എടുത്തിട്ടുള്ളവര്‍, മുമ്പ് വ്യക്തിഗത വായ്പയെടുത്തിട്ടുള്ളവര്‍, ശമ്പള അക്കൗണ്ടുള്ളവര്‍ എന്നിവര്‍ക്ക്് ബാങ്കുകള്‍ കോവിഡ് വായ്പകള്‍ നല്‍കുന്നുണ്ട് നമ്മുടെ ബാങ്കുകള്‍. കൂടാതെ എം എസ് എം ഇകള്‍ക്ക് ആകെ ഓവര്‍ ഡ്രാഫ്റ്റ് തുകയുടെ നിശ്ചിത ശതമാനം പല ബാങ്കുകളും വായ്പ അനുവദിക്കുന്നുണ്ട്. പല ബാങ്കുകളും വ്യത്യസ്ത തുകകളാണ് ഇങ്ങനെ വായ്പയായി അനുവദിക്കുന്നത്. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ. ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പയുടെ ഉയര്‍ന്ന പരിധി ഭവന വായ്പയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയാണ്. തിരിച്ചടവ് ശേഷി ഉണ്ടായിരിക്കണം. ആറ് മാസം തിരിച്ചടയ്‌ക്കേണ്ട എന്നതാണ് ഈ വായ്പകളുടെ ഗുണം. പല ബാങ്കുകള്‍ക്കും പല പലിശ നിരക്കാണ് ഈ വായ്പയ്ക്കുള്ളത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നിരക്ക് 7.9 ശതമാനമാണ്. അതേസമയം ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ എടുത്ത് കൃത്യമായി തിരിച്ചടവ് ചരിത്രമുള്ളവര്‍ക്ക് 8.2 ശതമാനത്തിനാണ് ഇത് അനുവദിക്കുന്നത്. അതേസമയം വ്യക്തിഗത വായ്പയ്ക്ക് 10-12 ശതമാനം നിരക്കാണ് ഈടാക്കുക. സാധാരണ നിലയില്‍ സാലറി അക്കൗണ്ടുള്ളവര്‍ക്ക് വ്യക്തഗത വായ്പ അനുവദിക്കുന്നത് 14-15 ശതമാനം നിരക്കിലാണ്.

പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍

ശമ്പളക്കാര്‍ക്ക് അവരുടെ സാലറി അക്കൗണ്ടുള്ള ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ സ്വന്തമാക്കാവുന്ന വായ്പയാണ് പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍ (PAPL). കൊളാറ്ററലുകള്‍ അഥവാ മറ്റ് ഈടുകളില്ലാതെ തന്നെ ഈ വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും. എന്നാല്‍ നിങ്ങളുടെ സാലറി, ചെലവുകള്‍, നിക്ഷേപ സ്വഭാവം എന്നിവ പരിശോധിച്ച് മാത്രമേ യോഗ്യത നിശ്ചയിക്കപ്പെടുകയുള്ളൂ. മികച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്ള ഒരു ഉപഭോക്താവിന് മിനിട്ടുകള്‍ക്കുള്ളില്‍ പിഎപിഎല്‍ ലഭിക്കും. 50000 മുതല്‍ 200000 വരെ തുക ലഭിക്കും. നിങ്ങള്‍ മികച്ച ശമ്പളം കൈപ്പറ്റുന്ന ആളാണെങ്കില്‍ ചില സാഹചര്യത്തില്‍ ഈ സ്‌കീമില്‍ 40 ലക്ഷം വരെ ലോണ്‍ തരാന്‍ ബാങ്കുകള്‍ക്ക് കഴിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News