ദൈനം ദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി നിങ്ങളുടെ കൈയില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡും, എടിഎം കാര്‍ഡുകളും അടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? അതും പ്ളാസ്റ്റിക് മണി നമ്മുടെ ജീവവായുവായിക്കൊണ്ടിരിക്കുന്ന കാലത്ത്.
എ ടി എം കാര്‍ഡുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ കൂടിയായതിനാല്‍ കാര്‍ഡ് സൈ്വപ് ചെയ്തും മറ്റുളളവര്‍ക്ക് പണം ഉപയോഗപ്പെടുത്താനാകും. അതേസമയം ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് മറ്റാരെങ്കിലും പര്‍ച്ചേസ് നടത്തുന്നതെങ്കില്‍ വന്‍ കട ബാധ്യതയാകും കാര്‍ഡുടമയ്ക്ക് നേരിടേണ്ടി വരിക. കാരണം വായ്പയായി ഈടാക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പലിശ നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. ഇത്തരത്തിലുളള സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കാനും ആവശ്യമായ പണം കൈയിലില്ലാതെ വരുന്ന അവസ്ഥ ഇല്ലാതാക്കാനും തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
എത്രയും വേഗം ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ ബ്ളോക്ക് ചെയ്യിപ്പിക്കുന്നതാണ് സാമ്പത്തിക നഷ്ടം ഒഴിവാക്കാനുളള ഫലപ്രദമായ ഒരു മാര്‍ഗം. ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ അനുസരിച്ച് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉപ
ഭോക്താവ് പെട്ടെന്നുതന്നെ പരാതി നല്‍കിയിരിക്കണം. ഇല്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന ഒരു നഷ്ടത്തിനും ബാങ്ക് ഉത്തരവാദിയായിരിക്കില്ല. പക്ഷേ ഒരിക്കല്‍ പരാതി നല്കിയാല് അതിനുശേഷം നടത്തുന്ന ഇടപാടുകള്‍ക്ക് ബാങ്കിന് ഉത്തരവാദിത്തമുണ്ട്.
കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകള്‍
കാര്‍ഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ ബാങ്കുകള്‍ നല്കുന്ന പരിരക്ഷയെ കുറിച്ച് അറിയുകയും ആവശ്യമെങ്കില്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എടുക്കുകയും ചെയ്യുന്നതാണ് മറ്റൊരു മാര്‍ഗം.
ചില ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാജ ഇടപാടുകള്‍, മോഷണം എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് തന്നെ അതിനുള്ള ചെലവ് വഹിക്കും. മറ്റ് ചില ബാങ്കുകള്‍ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് പ്രീമിയം ഈടാക്കുകയാണ് ചെയ്യുന്നത്.
സെന്‍ട്രല്‍ ബാങ്കിന്റെ, ഉയര്‍ന്ന ആസ്തിയുളള ഉപഭോക്താക്കള്‍ക്കുളള പ്ളാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെയുളള ഇടപാടുകള്‍ക്ക് പരിരക്ഷ ലഭിക്കും. ഇഷ്യുവന്റ് ഫീസും വാര്‍ഷിക ഫീസും നല്‍കുന്നതിനൊപ്പം മിനിമം ബാലന്‍സ് 50000 രൂപ നില നിര്‍ത്തുകയും വേണം. ആക്സിസ് ബാങ്കും പ്രയോറിറ്റി പ്ളാറ്റിനം ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് പരിരക്ഷയേര്പ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇഷ്യുവന്റ് ഫീസോ വാര്‍ഷിക ഫീസോ ഈടാക്കുന്നില്ല. മിനിമം ബാലന്‍സ് 25000 രൂപ നില നിര്‍ത്തണമെന്ന് മാത്രം.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്ക് വിവിധ കമ്പനികളും ഇപ്പോള്‍ മികച്ച പരിരക്ഷ നല്‍കുന്നുണ്ട്, സിപിപി ഇന്ത്യ, ടാറ്റാ എ.ഐ.ജി ജനറല്‍ ഇന്‍ഷുറന്‍സ്, തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. പരമാവധി 1.6 ലക്ഷം രൂപ വരെയുള്ള പോളിസികളുണ്ട്. യാത്രാ ചെലവുകള്‍, ഏഴു ദിവസം വരെ സംഭവിക്കുന്ന 1.5 ലക്ഷം രൂപ വരെയുള്ള വ്യാജ ഇടപാടുകള്‍ക്ക് സംരക്ഷണം എന്നിവ കവറേജില്‍ ഉള്‍പ്പെടും. ഒരു വര്‍ഷമാണ് മിക്ക പ്ലാനുകളുടെയും കാലാവധി.
ക്രെഡിറ്റ് കാര്‍ഡ് സുരക്ഷ:
ഓര്‍മയില്‍ സൂക്ഷിക്കാം ചില കാര്യങ്ങള്‍
- കാര്‍ഡ് മോഷണം പോയാലോ, ഇ- ബാങ്കിംഗ് പാസ്വേര്ഡ് ചോര്‍ന്നതായി സംശയം തോന്നിയാലോ ആ എക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉടന്‍ തന്നെ ബ്ളോക്ക് ചെയ്യിക്കണം. ഇതു വഴി കൂടുതല്‍ നഷ്ടങ്ങള്‍ ഒഴിവാക്കാനാകും.
- വ്യക്തിപരമായ വിവരങ്ങളോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെ സംബന്ധിക്കുന്ന വിവരങ്ങളോ ഇമെയിലിലുടെയോ ഫോണ്‍ മുഖാന്തിരമോ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.കാര്‍ഡ് നമ്പര്‍, പിന്‍നമ്പര്‍, ഡേറ്റ് ഓഫ് ബെര്‍ത്ത്, എക്സ്പിയറി ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
- ബാങ്ക് ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ കൃത്യമായി പരിശോധിക്കുക. നിങ്ങള്‍ അറിയാതെ പണമിടപാടുകളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
- ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് മറ്റാര്‍ക്കും നല്‍കരുത്. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും എസ് എം എസ് അല്ലെങ്കില്‍ ഇ മെയില്‍ അറിയിപ്പു വരുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് അപ്ഡേഷന് എന്നു പറഞ്ഞു അറിയാത്ത സോഴ്സില്‍നിന്നോ ലിങ്കില്‍നിന്നോ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക.
- മറ്റാര്‍ക്കും നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്. കാര്‍ഡിന്റെ പിന്‍നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.
- ബാങ്കിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ എപ്പോഴും കൈവശം സൂക്ഷിക്കുകയും വിവിധ ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് നല്കുന്ന പരിരക്ഷ ഉപയോഗപ്പെടുത്തുകയും ചെയ്യുക.