ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നോ? മറക്കരുത് ഇക്കാര്യങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍
ഓരോ വര്‍ഷവും രാജ്യത്ത് 15 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ക്രെഡിറ്റ് കാര്‍ഡിന്റെ സവിശേഷതകളെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അറിവുണ്ടാകാറില്ല. ഇത് ഉയര്‍ന്ന ചാര്‍ജ് നല്‍കേണ്ടി വരുന്നതിനും അതില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നതിനും തടസ്സമാകുന്നു. ക്രെഡിറ്റ് കാര്‍ഡ് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
അനുയോജ്യമായ കാര്‍ഡ് തെരഞ്ഞെടുക്കുക
നിരവധി ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ഉപഭോക്താക്കളെ വാഗ്ദാനങ്ങളുമായി സമീപിക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ ചെലവിടുന്ന രീതിക്ക് അനുസൃതമായത് കണ്ടെത്തി അതിന്റെ സവിശേഷതകള്‍ വിലയിരുത്തി മാത്രമേ കാര്‍ഡ് വാങ്ങാവൂ. വാഹനം കൂടുതലായി ഉപയോഗിക്കുന്ന വ്യക്തമായാണെങ്കില്‍ അതിനായുള്ള ഫ്യുവല്‍ കാര്‍ഡുകള്‍ തെരഞ്ഞെടുക്കാം. സര്‍ചാര്‍ജുകള്‍ ഒഴിവാക്കുന്നതടക്കമുള്ള നിരവധി ആനൂകൂല്യങ്ങള്‍ അതു വഴി ലഭിക്കും. നിരന്തരം യാത്ര ചെയ്യുന്നയാളാണെങ്കില്‍ എയര്‍പോര്‍ട്ട് ലോഞ്ച് അനുബന്ധ സൗകര്യങ്ങളും വിമാനത്തിലടക്കം സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് പോയ്ന്റ് ലഭിച്ച് ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ളതുമായ കാര്‍ഡ് തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ റിവാര്‍ഡ് പോയ്ന്റ് നല്‍കുന്ന തരത്തിലുള്ള കാര്‍ഡുകളാണ് കൂടുതലായി ഡിജിറ്റല്‍ ഇടപാട് നടത്തുന്നവര്‍ക്ക് അനുയോജ്യം. ഇതു പോലെ നിങ്ങള്‍ ഏര്‍പ്പെടുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കാര്‍ഡുകളാവണം ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടത്.
യഥാസമയം പേമെന്റ് നടത്തുക
സൗജന്യമായി പണം കടമായി ലഭിക്കുന്നതിനൊപ്പം ചെലവേറിയ വായ്പ കൂടിയാണ് ക്രെഡിറ്റ് കാര്‍ഡിലേത്. നിശ്ചിത സമയത്ത് കാര്‍ഡിലെ കടം അടച്ചു തീര്‍ത്താല്‍ ഒരു ചാര്‍ജും ബാങ്ക് ഈടാക്കില്ല. അടക്കാന്‍ വൈകിയാല്‍ വലിയ പലിശ നിരക്ക് നല്‍കേണ്ടി വരികയും ചെയ്യും. ബാങ്ക് എക്കൗണ്ടില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക സ്വമേധയാ അടക്കുന്ന രീതിയില്‍ ഒരുക്കുന്നതാണ് ഇതിനുള്ള പോംവഴി.
ഒന്നില്‍ കൂടുതല്‍ കാര്‍ഡുകള്‍ ആവാം
ഒന്നില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ കടക്കെണിയിലാകില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ചെലവിടുന്നതില്‍ അച്ചടക്കമുണ്ടെങ്കില്‍ കടക്കെണിയിലാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അതിലൂടെ കഴിയുകയും ചെയ്യും. പല ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും വ്യത്യസമായ റീറ്റെയ്ല്‍ലേഴ്‌സുമായും സേവന ദാതാക്കളുമായും ധാരണയില്‍ ഏര്‍പ്പെടാറുണ്ട്. വ്യത്യസ്തമയാ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്കാവും.
ഫ്രീ ക്രെഡിറ്റ് കാലാവധി പരമാവധിയാക്കുക
പല കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ പലിശയില്ലാതെ ചെലവിടുന്നതിന് കൂടുതല്‍ സമയം കൂടി ലഭിക്കും. രണ്ടു കാര്‍ഡുകളുടെയും ബില്ലിംഗ് തിയതി വെവ്വേറെയാകുന്നതിലൂടെയാണിത്. ഒരു കാര്‍ഡ് 15 ാം തിയതിയും മറ്റൊരു കാര്‍ഡ് 30 ാം തിയതിയുമാണ് ബില്‍ തിയതിയെങ്കില്‍ 15 വരെയുള്ള ചെലവിടലുകള്‍ക്ക് ആദ്യത്തെ കാര്‍ഡ് ഉപയോഗിക്കുക. അതിനു ശേഷം രണ്ടാമത്തെ കാര്‍ഡ് ഉപയോഗിക്കുക. ഇങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പലിശയില്ലാതെ തന്നെ 40-45 ദിവസം വായ്പ ഉപയോഗിക്കാനാകും. ബാലന്‍സ് തുക മറ്റേ കാര്‍ഡിലേക്ക് മാറ്റാമെന്നതാണ് മറ്റൊരു ഗുണം. മിക്ക കമ്പനികളും അനുവദിക്കപ്പെട്ട തുക ചെലവഴിച്ചില്ലെങ്കില്‍ അത് മറ്റൊരു കാര്‍ഡിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നുണ്ട്. ആദ്യത്തെ 1-2 മാസം അതിന് ചാര്‍ജൊന്നും ഈടാക്കാറില്ല. എന്നാല്‍ ഇങ്ങനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ശീലമാക്കാതിരിക്കുന്നതാണ് കടം പെരുകാതിരിക്കാന്‍ നല്ലത്.
ഇഎംഇയിലേക്ക് മാറാം
യഥാസമയം ബില്‍ തുക അടയ്ക്കുന്നതാണ് ഏറ്റവും നന്ന്. എന്നാല്‍ നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കില്‍ ബില്‍ തുക ഇഎംഐകളായി തിരിച്ചടയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇതിന് 18-24 ശതമാനം വരെ പലിശ കൊടുക്കേണ്ടി വരും. എന്നാല്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ നല്‍കേണ്ടി വരുന്ന 3-4 ശതമാനം പ്രതിമാസ പലിശയേക്കാള്‍ നല്ലതാണ് ഇത്.
ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കുക
ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കുന്നു, ബില്‍ തുക എപ്പോള്‍ അടക്കുന്നു എന്നതൊക്കെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. കൃത്യസമയത്ത് തുക അടക്കയ്ക്കാതെ ക്രെഡിറ്റ് സ്‌കോര്‍ താഴുന്നത് ഒഴിവാക്കുക. ഷോപ്പിംഗിന് പോകുന്നതിനു മുമ്പു തന്നെ എത്ര വരെ ചെലവിടാമെന്നും അത് എങ്ങനെ തിരിച്ചടയ്ക്കാമെന്നും ആസൂത്രണം ചെയ്യുക.