നികുതി നിരക്കിലും പലിശനിരക്കിലും ഈയിടെ പ്രഖ്യാപിച്ച ചില മാറ്റങ്ങൾ ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നവയാണ്. ജിഎസ്ടി കൗൺസിലിന്റെ ഇക്കഴിഞ്ഞ യോഗത്തിൽ എടുത്ത ചില തീരുമാനങ്ങൾ, എസ്ബിഐയുടെ ചില സേവനങ്ങളുടെ നിരക്ക് മാറ്റങ്ങൾ എന്നിവയാണ് ഓഗസ്റ്റ് ഒന്നുമുതൽ നിലവിൽ വരുന്നത്.
ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി
കഴിഞ്ഞ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇവയുടെ ചാർജർ, ചാർജിങ് സ്റ്റേഷൻ എന്നിവയ്ക്കുള്ള നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പുതിയ നികുതി നിരക്ക് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. തദ്ദേശ ഭരണകൂടങ്ങൾ 12-ൽ കൂടുതൽ യാത്രക്കാരെ വഹിക്കാവുന്ന ഇലക്ട്രിക്ക് ബസുകൾ വാടകക്കെടുക്കുന്നതിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
എസ്ബിഐ IMPS ചാർജുകൾ
ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, YONO എന്നിവയിലൂടെ പണമിടപാട് നടത്താൻ സഹായിക്കുന്ന IMPS ന് (Immediate Payment Service) ഈടാക്കിയിരുന്ന ചാർജുകൾ എസ്ബിഐ ഒഴിവാക്കി. ബാങ്ക് ബ്രാഞ്ചുകളിൽ 1000 രൂപ വരെയുള്ള ഫണ്ട് ട്രാൻസ്ഫറുകൾക്ക് IMPS ചാർജുകൾ ഒഴിവാക്കി.
എസ്ബിഐ സ്ഥിരനിക്ഷേപ പലിശ നിരക്ക്
എസ്ബിഐ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് കുറച്ചത് ഓഗസ്റ്റ് 1 മുതൽ നിലവിൽ വന്നിരുന്നു. ഏഴ് മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.75 % എന്നത് 5 ശതമാനമായിട്ടാണ് കുറയ്ക്കുന്നത്. അതിനോടൊപ്പം 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിരക്ക് 6.25 ശതമാനത്തില്‍ നിന്നും 5.75 ശതമാനവും ആക്കും. 180 ദിവസം മുതല്‍ പത്തു വര്‍ഷം വരെ പലിശ നിരക്ക് 0.20 % മുതല്‍ 0.35 % വരെ ആക്കും.