ഇപിഎഫിലെ അധിക നിക്ഷേപത്തിനും യുലിപിനും ആദായനികുതി അടയ്‌ക്കേണ്ടി വരുമോ? അറിയാം
ആദായ നികുതി ഇളവുകള്‍ ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും യുലിപും. എന്നാല്‍ അധിക തുക ഈ വിഭാഗത്തിലേക്ക് ചേര്‍ക്കപ്പെടുന്നവര്‍ക്ക് നികുതി നല്‍കേണ്ടി വരും. എങ്ങനെ?
ഏറെപേര്‍ അംഗങ്ങളായുള്ള രണ്ട് നിക്ഷേപ പദ്ധതികളാണ് ഇപിഎഫും യുലിപ്പും. എന്നാല്‍ ഇവയുടെ മൂലധന നേട്ടത്തിന്മേല്‍ ഇനി ആദായ നികുതി ബാധകമാകും. ഇപിഎഫിലെ അധികവിഹിതത്തിനും യുലിപ്പിലെ അധിക നിക്ഷേപത്തിനുമാണ് ആദായ നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ ഏകദേശം മ്യൂച്വല്‍ ഫണ്ടുകളിലേതിന് സമാനമായ നികുതി നിരക്ക് യുലിപിനും ബാധകമായി. ഓഹരി നിക്ഷേപത്തിനും മ്യൂച്വല്‍ ഫണ്ടിനും 2018 ലെ ബജറ്റില്‍ മൂലധനനേട്ടനികുതി കൊണ്ടുവന്നപ്പോള്‍ യുലിപിനെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ബജറ്റിലെ പ്രഖ്യാപന പ്രകാരം ഇപിഎഫില്‍ വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ വിഹിതം അടയ്ക്കുന്നവര്‍ക്ക് പലിശ വരുമാനത്തിന്മേല്‍ നികുതി നല്‍കേണ്ടി വരും. എന്നാല്‍ നിയമം പ്രാബല്യത്തിലെത്തുന്ന 2021 ഏപ്രില്‍ ഒന്നിനുശേഷമുള്ള നിക്ഷേപത്തിന്മേലാണ് നികുതി ചുമത്തുക.
തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ വിഹിതമടയ്ക്കുന്ന സാധാരണ ഇപിഎഫ് നിക്ഷേപകരെയല്ല, നികുതിയില്ലാത്ത വരുമാനം ഭാവിയില്‍ ലഭിക്കുന്നതിനു വേണ്ടി ഇപിഎഫിലേയ്ക്ക് സാധാരണ അടയ്ക്കുന്ന വിഹിതത്തിനു പുറമെ കൂടുതല്‍ ഇപിഎഫായി കൂടുതല്‍ നിക്ഷേപിക്കുന്നവരെയാണിത് ബാധിക്കുക.
യൂലിപ്പുകളില്‍ അടയ്ക്കുന്ന 2.5 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന പ്രീമിയം തുകയ്ക്കാണ് മൂലധനനേട്ടത്തിന്മേല്‍ നികുതി ബാധകമാക്കിയിട്ടുള്ളത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഓഹരി നിക്ഷേപത്തിനുമുള്ള അതേ നികുതിയാണ് ഇവിടെയും ഈടാക്കുക. കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന്മേല്‍ ഒരുലക്ഷം രൂപ കിഴിച്ചുള്ള തുകയ്ക്ക് 10 ശതമാനം നികുതിയും സെസും നല്‍കേണ്ടിവരും.