ഇപിഎഫ്ഒ; പുതുതായി ചേര്‍ത്തത് 14.65 ലക്ഷം വരിക്കാരെ
31.28 ശതമാനം വര്‍ധനവാണ് ഒരു മാസത്തിലുണ്ടായിരിക്കുന്നത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പുതുതായി ചേര്‍ത്ത വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ജൂലൈയില്‍ മാത്രം ഇപിഎഫ്ഓയിലേക്ക് ചേര്‍ക്കപ്പെട്ട വരിക്കാരുടെ എണ്ണം 14.65 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തെ അപേക്ഷിച്ച് 31.28 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
പുതുതായി ചേര്‍ത്ത 1.46 മില്യണ്‍ പിഎഫ് വരിക്കാരില്‍ വ്യവസായ അടിസ്ഥാനത്തിലുള്ള ശമ്പള ഡാറ്റ സൂചിപ്പിക്കുന്നത്, 'വിദഗ്ധ സേവന' വിഭാഗത്തില്‍ നിന്നു മാത്രമായി 41.62% ചേര്‍ക്കപ്പെട്ടെന്നാണ്. ഹ്യൂമന്‍ റിസോഴ്‌സ് ഏജന്‍സികള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, ചെറുകിട കരാറുകാര്‍ മുതലായവ ഉള്‍പ്പെടെയാണിത്.
ജൂലൈ 2021 ലെ കണക്കുകള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ചേര്‍ക്കപ്പെട്ട വരിക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ഇപിഎഫ്ഒ ചൂണ്ടിക്കാട്ടുന്നു. 11.16 ലക്ഷമായിരുന്നു ജൂണില്‍ പുതുതായി ചേര്‍ത്ത വരിക്കാരുടെ എണ്ണം.
ഇത്തവണ ചേര്‍ക്കപ്പെട്ട 14.65 ലക്ഷം പേരില്‍ 9.02 ലക്ഷം പേര്‍ ആദ്യമായി ഇപിഎഫ്ഓയില്‍ അംഗങ്ങളായവരാണ്. മുമ്പ് ഉണ്ടായിരുന്ന 5.63 ലക്ഷം പേര്‍ പോയിട്ട് പുതുതായി തിരികെ എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ വരിക്കാരില്‍ 22 മുതല്‍ 25 വയസ്സുവരെയുള്ള 3.88 ലക്ഷം പേരും 18 മുതല്‍ 21 വയസ്സുവരെയുള്ള 3.27 ലക്ഷം പേരുമുള്‍പ്പെടുന്നു.
പുതുതായി ചേര്‍ക്കപ്പെട്ടവരില്‍ 62 ശതമാനത്തിലധികം പേരും മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ്.