ഉയര്‍ന്ന പെന്‍ഷന് ജൂലൈ 11 വരെ അപേക്ഷിക്കാം

ജൂണ്‍ 26ന് സമയപരിധി അവസാനിച്ചതോടെയാണ് ഇ.പി.എഫ്.ഒയുടെ നടപടി

Update: 2023-06-27 05:06 GMT

Image:canva

ഇ.പി.എഫ്.ഒ (എംപ്ലോയീ പ്രോവിഡിന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂലൈ 11 ആണ് പുതുക്കിയ തീയതി. ജൂണ്‍ 26ന് സമയപരിധി അവസാനിച്ചതോടെയാണ് ഇ.പി.എഫ്.ഒയുടെ നടപടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് ഈ തീരുമാനം. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ ലക്ഷ്യമിട്ട് ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.

ഇവര്‍ക്ക് അപേക്ഷിക്കാം

2022 നവംബര്‍ നാലിനാണ് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പാക്കണമെന്ന കേസില്‍ സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്കും ജോലിയില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷനായി ഓപ്ഷന്‍ നല്‍കാം. ഉയര്‍ന്നശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ തൊഴിലാളിയും തൊഴിലുടമയും സംയുക്തമായി ഓപ്ഷന്‍ നല്‍കണം.

ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കുന്നവര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് കൂടുതല്‍ തുക അടയ്ക്കേണ്ടി വരും. പഴയ സര്‍വീസ് കാലത്ത് ഉയര്‍ന്ന ശമ്പള പരിധിക്ക് മുകളില്‍ പി.എഫിലേക്ക് അടച്ച തുകയും അതിനു ലഭിച്ച പലിശയും പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം. ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കുമ്പോള്‍ കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് പോകുമെന്നതിനാല്‍ പി.എഫ് (പ്രൊവിഡന്റ് ഫണ്ട്) തുകയില്‍ കുറവു വരും.

ഇ.പി.എഫും ഇ.പി.എസും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇ.പി.എസ്) എന്നീ രണ്ട് പദ്ധതി പ്രകാരമാണ് എല്ലാ ശമ്പളക്കാര്‍ക്കും പ്രൊവിഡന്റ് ഫണ്ടും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കുന്നത്. രണ്ടും നിയന്ത്രിക്കുന്നത് എംപ്ലോയീ പ്രോവിഡിന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് (ഇ.പി.എഫ്.ഒ).

ഓരോ മാസവും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന ശമ്പളത്തിന്റെ 12 ശതമാനമാണ് നിലവില്‍ തൊഴിലാളിയും തൊഴിലുടമയും പി.എഫ്.വിഹിതമായി അടയ്ക്കേണ്ടത്. എന്നാല്‍ ജീവനക്കാരുടെ വിഹിതം പൂര്‍ണമായും ഇ.പി.എഫ് എക്കൗണ്ടിലേക്ക് പോകുമ്പോള്‍ തൊഴിലുടമ നല്‍കുന്ന വിഹിതത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കും ശേഷിച്ച 3.67 ശതമാനം ഇ.പി.എഫിലേക്കുമാണ് പോകുന്നത്. ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് ഇ.പി.എഫിലുള്ള മുഴുവന്‍ തുകയും അതിന്റെ പലിശയും ഒറ്റത്തവണയായി റിട്ടയര്‍മെന്റ് ആനുകൂല്യമായി തിരികെ ലഭിക്കും.

അതേസമയം, ഇ.പി.എസിലുള്ള തുക വരിമിക്കുന്നതു വരെ വളര്‍ന്നുകൊണ്ടേയിരിക്കും. വിരമിച്ച ശേഷം ഈ തുക ഉപയോഗിച്ചാണ് പെന്‍ഷന്‍ നല്‍കുക. പി.എഫ് എക്കൗണ്ടുടമ മരണപ്പെട്ടാല്‍ പങ്കാളിക്ക് 50 ശതമാനം തുക പെന്‍ഷനായി ലഭിക്കും. ഇനി പങ്കാളിയും മരണപ്പെട്ടാല്‍ കുട്ടികള്‍ക്ക് 25 ശതമാനം വരുന്ന തുക അവരുടെ 25 വയസ് എത്തുന്നതു വരെ ലഭിക്കും. വിധവ പെന്‍ഷന്‍ കൂടാതെയാണിത്. ഈ പെന്‍ഷന്‍ തുക ശമ്പളത്തിന് ആനുപാതികമായി ഉയര്‍ത്തമെന്നതാണ് സപ്രീംകോടതിയുടെ നവംബറിലെ വിധി.

Tags:    

Similar News