ഇപിഎഫ് പലിശ നിരക്ക് കുറച്ചു, 44 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

8.5ല്‍ നിന്ന് 8.1 ശതമാനം ആയാണ് പലിശ നിരക്ക് കുറച്ചത്‌

Update:2022-03-12 15:13 IST

നടപ്പ് സാമ്പത്തിക വര്‍ഷത്തെ(2021-22) ഇപിഎഫ് പലിശ നിരക്ക് കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 8.1 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്. മുന്‍വര്‍ഷം പലിശ നിരക്ക് 8.5 ശതമാനം ആയിരുന്നു. ഗുവാഹത്തിയില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പലിശ നിരക്ക് തീരുമാനിച്ചത്.

ബോര്‍ഡിന്റെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനമന്താലയം ആണ്. പദ്ധതിയുടെ ഭാഗമായ ആറുകോടിയോളം ജിവനക്കാരെയാണ് തീരുമാനം ബാധിക്കുക. 2020-21 കാലയളവിലും കേന്ദ്രം ഇപിഎഫ് പലിശ കുറച്ചിരുന്നു. 2019-20ല്‍ നല്‍കിയ 8.65 ശതമാനം നിരക്കില്‍ നിന്ന് ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്. 2015-16 കാലയളവില്‍ 8.8 ശതമാനം ആയിരുന്ന പലിശ തുടര്‍ച്ചയായി കുറച്ചുകൊണ്ട് വരുകയാണ്.
1977-78ന് ശേഷം ആദ്യമായാണ് ഇപിഎഫ് പലിശ ഇത്രയും കുറയ്ക്കാന്‍ തീരുമാനിക്കുന്നത്. 1977-78 കാലയളവിലെ എട്ട് ശതമാനം ആയിരുന്നു ഇപിഎഫ് പലിശ. 2021-22 കാലയളവില്‍ 76768 കോടി രൂപയാണ് ഇപിഎഫില്‍ എത്തിയത്. 2021 ഡിസംബര്‍ 31വരെ 56.79 ലക്ഷം ക്ലയിമുകളില്‍ നിന്നായി 14,310.21 കോടി രൂപയാണ് ഇപിഎഫില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. കൊവിഡിനെ തുടര്‍ന്ന് ഇപിഎഫ് തുക പിന്‍വലിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിരുന്നു.


Tags:    

Similar News